യുദ്ധംഅവസാനിപ്പിക്കാൻ വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു.. നിലപാട് മാറ്റി ട്രംപ്…

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചത് താനാണെന്ന നിലപാട് മാറ്റി ഡൊണാൾഡ് ട്രംപ്. ‘താൻ അത് ചെയ്തുവെന്ന് പറയുന്നില്ല, പക്ഷെ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ തീർച്ചയായും സഹായിച്ചു. പ്രശ്നങ്ങൾ കൂടുതൽ ശത്രുതാപരമായി കൊണ്ടിരിക്കുകയായിരുന്നു. ഇവിടെനിന്നു പോയി രണ്ട് ദിവസത്തിന് ശേഷം ഇത് പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കാണാൻ ഇടയാകരുതെന്ന് പ്രത്യാശിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന് കരുതുന്നെന്നും ട്രംപ് പറഞ്ഞു.

ഖത്തറിൽ യുഎസ് സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു യുഎസ് പ്രസിഡന്റ് തൻ്റെ അവകാശ വാദം തിരുത്തിയത്.
രണ്ട് രാജ്യങ്ങൾക്കിടയിൽ വികസിച്ചുകൊണ്ടിരുന്ന യുദ്ധസമാനമായ സാഹചര്യം നിർത്താനുള്ള നടപടിയായി ഇന്ത്യയോടും പാകിസ്താനോടും വ്യാപാരത്തെക്കുറിച്ച് സംസാരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. “ഞങ്ങൾ അവരോട് വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. യുദ്ധത്തിന് പകരം നമുക്ക് വ്യാപാരം ചെയ്യാം. അതിൽ പാകിസ്താൻ വളരെ സന്തോഷിച്ചു. ഇന്ത്യയും സന്തോഷിച്ചു. അവർ ശരിയായ പാതയിലാണെന്ന് കരുതുന്നു. എല്ലാ നിലയ്ക്കും അവർ ഏകദേശം ആയിരം വർഷമായി പോരാടുകയാണ്. അത് എനിക്ക് ഒത്തുതീർപ്പാക്കാൻ കഴിയുമെന്ന് പറഞ്ഞു.” ട്രംപ് കൂട്ടിചേർത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ‘ആണവ സംഘർഷം’ തന്റെ ഭരണകൂടം അവസാനിപ്പിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. സംഘർഷം അവസാനിപ്പിച്ചാൽ ഇരുരാജ്യങ്ങളുമായും അമേരിക്ക ‘കൂടുതൽ വ്യാപാരം’ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വെടിനിർത്തൽ ധാരണ സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കും മുമ്പേ വിവരം പങ്കുവെച്ചതും ട്രംപായിരുന്നു. അതേസമയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലിന് ധാരണയായതെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ കരാറിൽ യുഎസ് മധ്യസ്ഥതയോ വ്യാപാര സ്വാധീനമോ ഇല്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു.

Related Articles

Back to top button