ശ്രീദേവിന്റെ മരണം.. ജീവിതം കീഴ്മേൽ മറിച്ചു.. സ്വത്തുക്കളെല്ലാം പാവങ്ങൾക്ക്.. ഒടുവിൽ കൈകോർത്ത് മടങ്ങി….
അരുവിപ്പുറത്ത് നെയ്യാറിൽ ദമ്പതികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ഏക മകന്റെ അകാല മരണം ഉണ്ടാക്കിയ വേദനയിൽ ജീവിക്കുകയായിരുന്ന സ്നേഹ ദേവും ഭാര്യ ശ്രീകലയും കൈകൾ കൂട്ടിക്കെട്ടി നദിയിൽ ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഒരുവർഷം മുൻപാണ് ഏകമകൻ ശ്രീദേവ് പെട്ടെന്നുണ്ടായ നെഞ്ചുവേദന കാരണം മരിച്ചത്. മലയാള മാസപ്രകാരമുള്ള ശ്രീദേവിന്റെ ചരമദിനത്തിലാണ് മാതാപിതാക്കളും ജീവനൊടുക്കിയത്. മകൻറെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് പാവങ്ങളെ സഹായിക്കുന്നതിനിടെയാണ് നാടിനെ നടുക്കി ദമ്പതികളുടെ മരണം.
കഴിഞ്ഞ വർഷം ഇതേ സമയത്താണ് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ശ്രീദേവിന്‍റെ പെട്ടന്നുളള മരണം. ലോ അക്കാദമിയിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ശ്രീദേവ്. ഒരു രാത്രിയിൽ പെട്ടെന്ന് തളർന്ന് വീണായിരുന്നു ശ്രീദേവിന്റെ മരണം. ഇതോടെ സ്നേഹദേവിന്‍റെയും ശ്രീകലയുടേയും ജീവിതവും കീഴ്മേല് മറിഞ്ഞു. ഏക മകന്‍റെ വിയോഗം ഇരുവർക്കും താങ്ങാൻ കഴിയുന്നതായിരുന്നില്ല. ടൂഷൻ സെന്‍ററുകളിലെ അധ്യാപക ജോലി രണ്ട് പേരും നിര്‍ത്തി. മകന്‍റെ ഓർമ്മ എന്നും നിലനിര്‍ത്താൻ ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ടവര്‍ക്ക് സഹായം ചെയ്ത് വരികയായിരുന്നു.ശ്രീദേവിന്‍റെ ഒന്നാം ചരമവാർഷികം അടുത്തിരിക്കെ ഒരു തീർത്ഥാടന യാത്ര പോകുമെന്ന് അടുത്തിടെ ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് വരെ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നു.