എംഎൽഎയെ വീട്ടിൽ കയറി മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ

എംഎൽഎയെ വീട്ടിൽ കയറി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പശ്ചിമബംഗാളിലാണ് സംഭവം. ബംഗാൾ മുൻ മന്ത്രി കൂടിയായ തൃണമൂൽ കോൺഗ്രസ് എംഎൽഎ ജ്യോതിപ്രിയ മല്ലിക്കിനെയാണ് അഭിഷേക് ദാസ് എന്ന യുവാവ് ആക്രമിച്ചത്. മുപ്പതുകാരനായ ഇയാളെ എംഎൽഎയുടെ സഹായികൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സാൾട്ട് ലേക്കിലുള്ള മല്ലിക്കിന്റെ വസതിയിലാണ് സംഭവം. രാത്രി ഒമ്പതോടെയാണ് അഭിഷേക് ദാസ് എംഎൽഎയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും മുൻ മന്ത്രിയുടെ നേരെ ചാടിവീണ് അടിവയറ്റിൽ അടിക്കുകയും ചെയ്തത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഞെട്ടിയ മല്ലിക്ക് സഹായത്തിനായി നിലവിളിച്ചതോടെ സുരക്ഷാ ജീവനക്കാരും സമീപത്തുണ്ടായിരുന്നവർയും ഓടിയെത്തി പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
നോർത്ത് 24 പർഗാനാസ് സ്വദേശിയായ അഭിഷേക്, ജോലിയ്ക്കായി ജ്യോതിപ്രിയ മല്ലിക്കിനോട് സംസാരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. എന്നാൽ, ഇയാൾ മുൻപ് നഗരത്തിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നുവെന്നും പിന്നീട് സ്ഥിരീകരിച്ചു.
“പെട്ടെന്ന് മുന്നോട്ടു ചാടി വന്ന് അടിച്ചപ്പോൾ ഞെട്ടിപ്പോയി. അയാളെ മുൻപ് ഒരിക്കലും കണ്ടിട്ടില്ല. മദ്യപിച്ചിരുന്നോ എന്നും അറിയില്ല,” എന്ന് ജ്യോതിപ്രിയ മല്ലിക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡലത്തിൽ നിന്നുള്ള ആരെങ്കിലും ഇത്തരമൊരു ആക്രമണം നടത്തുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് ബിധാൻനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



