മുല്ലപ്പെരിയാറിലെ മരംമുറി…കേന്ദ്രം നാലാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി
മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് നല്‍കിയ അപേക്ഷയില്‍ നാല് ആഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, അണക്കെട്ടില്‍ ഗ്രൗട്ടിങ് നടത്തുന്നതിന് മുന്നോടിയായി തമിഴ്‌നാട് ആർഒവി (റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍) പഠനം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് 23 മരങ്ങള്‍ മുറിക്കുന്നത് അനിവാര്യമാണെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട്. ഇതിനായി തമിഴ്‌നാട് നല്‍കിയ അപേക്ഷയില്‍ അനുമതി നല്‍കാന്‍ കേരളത്തിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൈമാറിയതായി കേരളത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും അഭിഭാഷകന്‍ ജി. പ്രകാശും സുപ്രീംകോടതിയെ അറിയിച്ചു.