മസ്‌തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന നില…കാട്ടാനയ്ക്ക്…
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികിത്സ നൽകും. അതിനായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അതിരപ്പിള്ളിയിലെത്തും.
വനംവകുപ്പാണ് പ്രത്യേക മെഡിക്കൽ സംഘം രൂപീകരിക്കാൻ തീരുമാനിച്ചത്. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ പിടികൂടി ചികിത്സ ഉറപ്പാക്കാനാണ് ഡോക്‌ടർമാരുടെ തീരുമാനം.
ആനയുടെ മസ്‌തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നാണ് വനം വകുപ്പ് നേരത്തെ വാദിച്ചിരുന്നത്. ആനയ്ക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചികിത്സിക്കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു വനം വകുപ്പ് നേരത്തെ പറഞ്ഞിരുന്നത്. അതേസമയം ആനയ്ക്ക് ശാരീരിക അവശതകളുണ്ടെന്നും വന്യജീവി സംരക്ഷക പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു.