ആറന്മുള ക്ഷേത്രത്തിലെ പെയ്ഡ് വള്ളസദ്യ.. തീരുമാനത്തിൽ നിന്നും പിന്മാറി തിരുവിതാംകൂർ ദേവസ്വം ബോർഡ്..
തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ആറന്മുള ക്ഷേത്രത്തിലെ പെയ്ഡ് വള്ളസദ്യയിൽ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറി. വിഷയത്തില്‍ തങ്ങള്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ആറന്മുള പള്ളിയോട സേവാസംഘ ഭാരവാഹികള്‍ ഇന്നലെ ബോര്‍ഡ് ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ സംഘത്തിലെ മൂന്ന് പ്രധാനപ്പെട്ട ഭാരവാഹികളുമായി മാത്രം ചര്‍ച്ച നടത്താമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ അറിയിപ്പ്. ഇത് അംഗീകരിക്കാന്‍ പള്ളിയോട സേവാസംഘം തയ്യാറായില്ല.
ചര്‍ച്ചയ്ക്ക് തയ്യാറാകാതെ പള്ളിയോട സേവാ സംഘം ഭാരവാഹികള്‍ മടങ്ങിപ്പോയി. ക്ഷേത്രത്തിന് പുറത്ത് പള്ളിയോട സേവാ സംഘവുമായി സഹകരിച്ച് വള്ളസദ്യ നടത്താം എന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍ ഇതിനും പള്ളിയോട സേവാ സംഘം തയ്യാറായില്ല. പിന്നാലെയാണ് ഈ മാസം മൂന്നിന് ആറന്മുള ക്ഷേത്രത്തില്‍ നടത്താനിരുന്ന പെയ്ഡ് വള്ള സദ്യയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറിയത്.
ആചാരത്തനിമയോടെ പാരമ്പര്യമായി പള്ളിയോട സേവാസംഘമാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ നടത്തുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ മാസം ദേവസ്വം ബോർഡ് ഭക്തരിൽ നിന്നും പണം വാങ്ങി പെയ്ഡ് വള്ള സദ്യ നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള നീക്കത്തിനെതിരെ പള്ളിയോട സേവാസംഘം രംഗത്തെത്തിയിരുന്നു.
ദേവസ്വം ബോർഡ് നേരിട്ട് ബുക്കിംഗ് നടത്തി ക്ഷേത്രത്തിൽ വള്ളസദ്യ നടത്താനാണ് തിരുമാനിച്ചത്. വഴിപാട് വള്ളസദ്യ നടത്തുന്നവർക്കാണ് നിലവിൽ ഷേത്രത്തിൽ നൽകുന്നത്. വള്ളസദ്യ കഴിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് ക്ഷേത്രത്തിന് പുറത്ത് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ പള്ളിയോട സേവാസംഘം വള്ളസദ്യ നൽകുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പാക്കേജിൽ എത്തുന്നവർക്കും 250രൂപ അടച്ച് ഓൺലൈൻ ബുക്കിംഗിലൂടെ എത്തുന്നവർക്കും ഇത്തരത്തിൽ ഓഡിറ്റോറിയത്തിൽ വള്ളസദ്യ നൽകുന്നുണ്ട്. ഇതേ മാതൃകയിൽ ഞായറാഴ്ചകളിൽ ക്ഷേത്രത്തിൽ വള്ളസദ്യ നൽകാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്.