കുരുക്ക് മൂന്നാമത്തെ അതിജീവിതക്കോ? സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് റിനി, ഫെന്നി നൈനാന് മറുപടി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗക്കേസിൽ മൂന്നാമത്തെ പരാതിക്കാരിയുമായി ബന്ധം പുലർത്തിയെന്നാരോപിച്ച് ഫെന്നി നൈനാന് മറുപടിയുമായി നടിയും , മോഡലുമായ റിനി ആൻ ജോർജ്. മൂന്നാമത്തെ പരാതിക്കാരിയെ കണ്ടിട്ടില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് റിനി. ഒരു അതിജീവിതെയും അങ്ങോട്ട് ബന്ധപ്പെടുകയോ, ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിന്റെ ഒരാവശ്യവും തനിക്കില്ലെന്നും റിനി കൂട്ടിച്ചേർത്തു. ആരോ ഒരാൾ ഏതോ ഒരു ഫേക്ക് അക്കൗണ്ടിൽ നിന്ന് തന്നെ ബന്ധപ്പെട്ടിരുന്നു. അത് പുരുഷൻ ആണോ സ്ത്രീ ആണോ എന്ന് പോലും എനിക്കറിയില്ല. ഊരും പേരും അറിയാത്ത ഒരാളുമായി എനിക്ക് ബന്ധപ്പെടാൻ പറ്റില്ലെന്നും ആരാണെന്ന് വ്യക്തമാക്കിയിട്ടു നിങ്ങൾ വിളിക്കൂ എന്നാണ് പറഞ്ഞതെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിന്റെ സ്ക്രീൻ ഷോട്ടും റിനി പങ്കുവച്ചിട്ടുണ്ട്.
എന്നാൽ, ഈ വിഷയം വന്നപ്പോൾ ഇൻസ്റ്റയിൽ നോക്കി. അവർ അയച്ചിരിക്കുന്ന സന്ദേശങ്ങൾ മാത്രം കാണുന്നില്ല. എനിക്ക് ഇത് ആരാണെന്നോ എന്താണെന്നോ പോലും അറിയില്ലെന്നും റിനി പറയുന്നു. അവർ താങ്കളെ തെറ്റിദ്ധരിപ്പിച്ചതാണ്. എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു തെറ്റിദ്ധാരണ ജനകമായ സന്ദേശങ്ങൾ മറ്റൊരാൾക്ക് അയച്ചു കൊടുത്തതിന് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും റിനി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.




