അക്കൗണ്ട് ഉടമ അറിയാതെ കോടികളുടെ കൈമാറ്റം…… ബാങ്ക് ഓഫ് ബറോഡയ്ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കോഴിക്കോട്: താന്‍ അറിയാതെ തന്റെ അക്കൗണ്ടിലൂടെ കോടികളുടെ ഇടപാട് നടന്നെന്ന പരാതിയുമായി ബാങ്കിനെതിരെ വ്യവസായി രംഗത്ത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും ബിസിനസുകാരനുമായ റഷീദാണ് ബാങ്ക് ഓഫ് ബറോഡ ബാങ്കിനെതിരെ പരാതി ഉയര്‍ത്തിയിരിക്കുന്നത്. റഷീദിന്റെ പരാതിയില്‍ വിശദമായ വാദം കേട്ട പേരാമ്പ്ര കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ബാലുശ്ശേരി പോലീസിനോട് ആവശ്യപ്പെട്ടു.

2025 ഓഗസ്റ്റ് 16ാം തിയ്യതിയാണ് ബിസിനസ് ആവശ്യങ്ങള്‍ക്കായി റഷീദ് ബാങ്ക് ഓഫ് ബറോഡയുടെ ബാലുശ്ശേരി ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങാന്‍ അപേക്ഷ നല്‍കിയത്. ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ഉള്‍പ്പെടെ ആവശ്യമായ രേഖകളും നല്‍കി. ഓഗസ്റ്റ് 30ന് പുതിയ അക്കൗണ്ടിന്റെ എടിഎം കാര്‍ഡും ചെക്ക് ബുക്കും അടങ്ങുന്ന വെല്‍ക്കം കിറ്റും തപാല്‍ വഴി ലഭിച്ചുവെന്ന് റഷീദ് പറയുന്നു. സെപ്റ്റംബര്‍ രണ്ടിന് എടിഎം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാനായി ബാലുശ്ശേരിയിലെ എടിഎം കൗണ്ടറിലെത്തി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ബാലുശ്ശേരി ബ്രാഞ്ച് മാനേജറെ സമീപിച്ച് കാര്യം പറഞ്ഞപ്പോള്‍ അക്കൗണ്ട് ഫ്രീസ് ചെയ്തെന്ന മറുപടിയാണ് ലഭിച്ചതെന്ന് റഷീദ് പറഞ്ഞു. തുടര്‍ന്ന് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് ലഭിക്കുന്നതിനായി അപേക്ഷ നല്‍കി. ഇതിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

12 ദിവസത്തിനുള്ളില്‍ രണ്ട് കോടിയോളം രൂപയുടെ ഇടപാട് നടന്നെന്ന് കാണിക്കുന്ന രേഖകളാണ് ലഭിച്ചത്. ഒരു ഒടിപി നമ്പര്‍ പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നും പരാതിക്കാരന്‍ പറയുന്നു. പണമൊന്നും നഷ്ടമാകാത്തതിനാല്‍ ഇത് ഗൗരമായി പരിഗണിച്ചില്ല. എന്നാല്‍ 2025 ഡിസംബര്‍ 19ന് ബാംഗ്ലൂര്‍ പോലീസില്‍ നിന്നും റഷീദിന് നോട്ടീസ് ലഭിച്ചതോടെയാണ് സംഭവം പന്തിയല്ലെന്ന് കണ്ടത്. ഇതിന് ശേഷം 14 കേസുകളാണ് പല സംസ്ഥാനങ്ങളിലായി റഷീദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുമിന്‍ പറഞ്ഞു. അക്കൗണ്ടിലൂടെ നടന്ന ഇടപാടുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ബാങ്ക് മാനേജര്‍ക്ക് പരാതി നല്‍കിയെങ്കിലും അതിന് മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ബാലുശ്ശേരി പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാതായതോടെ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. അവിടെയും കാര്യമായ പ്രതികരണം ലഭിക്കാതായതോടെയാണ് പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതെന്ന് റഷീദ് പറഞ്ഞു.

Related Articles

Back to top button