റെയിൽവേയുടെ തുറന്നുപറച്ചിൽ വൈറലാകുന്നു..

ഏറെനേരം ട്രെയിൻ നിർത്തിയിട്ടതിന്റെ കാരണം അന്വേഷിച്ച യാത്രക്കാരിക്ക് റെയിൽവേ നൽകിയ മറുപടി വിചിത്രം. ഒരുകോച്ചിൽ പാറ്റ ശല്യമുണ്ടെന്നും അതിനാലാണ് ട്രെയിൻ വൈകുന്നതെന്നുമായിരുന്നു അധികൃതരുടെ മറുപടി. നാവികസേന മുൻ കമാൻഡറായ കാഞ്ഞങ്ങാട്ടെ പ്രസന്ന ഇടയില്യവും അച്ഛൻ എ കുഞ്ഞിരാമൻ നായരുമായിരുന്നു പരാതിക്കാർ.

തിങ്കളാഴ്ച വൈകിട്ട് 5.40-ന് കണ്ണൂരിൽനിന്ന് മംഗളൂരു വഴി ബെംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ-ബെംഗളൂരു (16512) എക്‌സ്പ്രസ് തീവണ്ടിയിലെ എസ്-3 കംപാർട്ട്‌മെന്റിലെ യാത്രക്കാരായിരുന്നു ഇവർ. 8.10-ന് മംഗളൂരുവിൽ എത്തി. 10.10-ന് സുബ്രഹ്‌മണ്യറോഡിൽ ട്രെയിൻ നിർത്തി. ഏറെനേരം നിർത്തിയിട്ടതിന്റെ കാരണം അന്വേഷിച്ച് പ്രസന്ന ഇടയില്യം റെയിൽ മദദ് ആപ്പിൽ പരാതി അയച്ചു. മറുപടി നൽകാനൊന്നും റെയിൽവേ വൈകിയില്ല, നിമിഷങ്ങൾക്കകമെത്തി മറുപടി.

എസ്-6 കോച്ചിൽ പാറ്റകളുടെ ശല്യം ഉണ്ടെന്നും അത് സ്‌പ്രേ അടിച്ച് കളയുകയാണെന്നുമായിരുന്നു പ്രതികരണം. റെയിൽവേ സത്യസന്ധമായ മറുപടി നൽകിയതിൽ സന്തോഷമുണ്ടെന്ന് പ്രസന്ന പറഞ്ഞു. എന്നാൽ ഇത്തരം കാരണങ്ങളുടെ പേരിൽ യാത്ര വൈകുന്നത് ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Back to top button