വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ മൂന്നു മാസം മുമ്പ് വിവാഹം.. പതിനെട്ടുകാരിയും ഭർത്താവും ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..
കഴിഞ്ഞ ദിവസം നിലമ്പൂരിൽ നവദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിസ്സാര തർക്കങ്ങളെ തുടർന്നാണ് രാജേഷും (23) അമൃത കൃഷ്ണയും (18) ആത്മഹത്യ ചെയ്തത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വർഷങ്ങളോളം പ്രണയിച്ച ശേഷം മൂന്നു മാസം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന.
നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകനാണ് രാജേഷ്. എരുമമുണ്ട കാനക്കുത്ത് എലിപ്പാറ്റ ബാലകൃഷ്ണന്റെയും തുളസിയുടെയും മകളാണ് അമൃത. പന്തൽ നിർമാണ തൊഴിലാളിയാണ് രാജേഷ്. മൂന്നു വർഷം മുമ്പാണ് ഇരുവരും പ്രണയത്തിലായത്. ഇതിനിടെ രാജേഷിനെതിരെ അമൃതയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോത്തുകൽ പൊലീസ് പോക്സോ കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് രാജേഷ് ജയിലിലാകുകയും ചെയ്തു.
അമൃതയ്ക്ക് പ്രായപൂർത്തിയായ ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. രാജേഷ് ഇന്നലെ ജോലിക്ക് പോയിരുന്നില്ല. രാജേഷിന്റെ മൃതദേഹം വീടിന്റെ സ്വീകരണ മുറിയിൽ സോഫയിലാണ് കിടന്നിരുന്നത്. തൊട്ടടുത്ത മുറിയിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിലായിരുന്നു അമൃതയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച ഡിവൈഎസ്പി സാജു കെ. ഏബ്രഹാം പറഞ്ഞു.
പൊലീസ് പറയുന്നത് ഇങ്ങനെ:
ആദ്യം രാജേഷ് തൂങ്ങിമരിച്ചു. വീടിന് പുറത്ത് ജോലിയിലായിരുന്ന അമൃത അകത്തു ചെന്നപ്പോൾ രാജേഷിനെ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ കണ്ടു. ഉടനെ കയർ അറുത്തു. രാജേഷ് താഴെ വീണു. രാജേഷ് മരിച്ചെന്ന് മനസ്സിലായ അമൃത മുറിയിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങി. ശബ്ദം കേട്ട് വീട്ടിൽ വന്ന രാജേഷിന്റെ അമ്മ സത്യഭാമ മകൻ നിലത്തു കിടക്കുന്നത് കണ്ടു. അമൃത കയറിൽ തൂങ്ങിയ നിലയായിരുന്നു. സത്യഭാമ രാജേഷിനെ വലിച്ചിഴച്ച് സോഫയിൽ കിടത്തി. അയൽ വീട്ടിലെത്തി വിവരം പറഞ്ഞു. അയൽവാസികൾ എത്തി കയർ അറുത്ത് അമൃതയെ താഴെ കിടത്തി. അടുത്ത വീട്ടിലെ ഡോക്ടർ പ്രാഥമിക ചികിത്സ നൽകി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഇന്നു നടക്കും.


