സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു ബസിനടിയിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം….

ദേശീയപാത ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു. നെല്ലായി പന്തല്ലൂർ കാരണത്ത് വീട്ടിൽ ജോഷിയുടെ ഭാര്യ സിജിയാണ് മരിച്ചത്. 45 വയസായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഭർത്താവിനോടൊപ്പം പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തൈക്കാട്ടുശ്ശേരിയിലെ ആയുർവ്വേദ കമ്പനിയിലെ താത്ക്കാലിക ജീവനക്കാരിയായ സിജി ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേരിയ ഗതാഗതക്കുരുക്കിനിടെ ഡ്രൈനേജിന് മുകളിലൂടെ പോയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ സിജിയുടെ തലയിൽ സ്വകാര്യ ബസിൻ്റെ പിൻചക്രം ഇടിക്കുകയായിരുന്നു. ബസ് പുറകിലേക്ക് എടുത്താണ് സിജിയെ പുറത്തെടുത്തത്. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അടിപ്പാത നിർമ്മാണം നടക്കുന്ന തൃശൂർ ഭാഗത്തേക്കുള്ള പാതയുടെ പ്രവേശന ഭാഗത്താണ് അപകടം.

Related Articles

Back to top button