ആഴിമല കടൽ തീരത്ത് പാറപ്പുറത്തു നിന്ന് സെൽഫി എടുക്കുന്നതിനിടെ തിരയടിയേറ്റ് കടലിൽ വീണു; പത്തനംതിട്ട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ബന്ധുക്കൾക്കൊപ്പം തീർത്ഥാടനത്തിനിടെ ആഴിമല കടൽ തീരത്തെത്തി. പാറപ്പുറത്തു നിന്ന് സെൽഫി എടുക്കുമ്പോൾ തിരയടിയേറ്റ് കടലിൽ വീണു. യുവാവിന് ദാരുണാന്ത്യം. ഇന്നലെ സന്ധ്യയോടെയാണ് അപകടം ഉണ്ടായത്. പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ 45 കാരനായ അനീഷ് ആണ് മരിച്ചത്.പത്തനംതിട്ട,മാന്നാർ സ്വദേശികളായ 17 അംഗ കുടുംബാംഗങ്ങളുൾപ്പെട്ട തീർഥാടക സംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് അനീഷായിരുന്നു.
ഇടയാറൻമുള നിന്നും തിരിച്ച് തിരിച്ചെന്തൂർ കന്യാകുമാരി വഴി പത്മനാഭസ്വാമി ക്ഷേത്ര ദർശന ശേഷം ഉച്ച കഴിഞ്ഞാണ് സംഘം ആഴിമലയിൽ എത്തിയത്. സ്ത്രീകളും കുട്ടികളുമുൾപ്പെട്ട സംഘത്തിലെ അനീഷ് പാറപ്പുറത്ത് കയറി സെൽഫി എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി വീശിയടിച്ച തിരയിൽപ്പെട്ടു കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ലൈഫ് ഗാർഡുകളുൾപ്പെട്ടവർ ചേർന്നു അനീഷിനെ കരയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നതായി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കാർത്തിക ഏക മകളാണ്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് തുടർ നടപടികളെടുത്തു.



