ട്രാഫിക് ലൈറ്റുകൾക്ക് വിട, ഇന്ത്യയിലെ ആദ്യ ‘റെഡ് ലൈറ്റ് ഫ്രീ’ നഗരം….

തിരക്കേറിയ നഗരജീവിതത്തിൽ ഗതാഗത തടസങ്ങളും ട്രാഫിക് ബ്ലോക്കുകളും എല്ലായ്പ്പോഴും നമ്മളെ അലട്ടുന്ന ഒന്നാണ്. ഓരോ കവലയിലും റെഡ് സിഗ്നലിനായി കാത്തുനിൽക്കുമ്പോൾ നാം പലപ്പോഴും വിഷമിക്കുകയും ചെയ്യാറുണ്ട്. പക്ഷേ, ട്രാഫിക് ലൈറ്റുകൾ ഇല്ലാത്ത ഒരു നഗരം എന്ന് കേട്ടാൽ അതിശയിക്കേണ്ടതില്ല. അത് ഇന്ത്യയിലെ തന്നെ ഒരു നഗരമാണ്! രാജസ്ഥാനിലെ ‘കോട്ട’ എന്ന നഗരമാണ് ഇന്ത്യയിൽ ആദ്യമായി ട്രാഫിക് ലൈറ്റുകൾ പൂർണമായും ഒഴിവാക്കിയ നഗരം.

രാജസ്ഥാനിലെ ചമ്പൽ നദിയുടെ തീരത്താണ് കോട്ട സ്ഥിതിചെയ്യുന്നത്. ലോകത്തിൽ ആദ്യമായി ഇത്തരമൊരു മാതൃക അവതരിപ്പിച്ചത് ഭൂട്ടാനിലെ തിംഫു നഗരമാണ്. അതേ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോട്ട നഗരത്തിലെ ഈ പദ്ധതി രൂപംകൊണ്ടത്. സുഗമമായ ഗതാഗതം ഉറപ്പാക്കുക, കവലകളിൽ കാത്തിരിപ്പ് സമയം കുറയ്ക്കുക, വാഹനങ്ങൾ നിർത്താതെ ഇന്ധനം ലാഭിക്കുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യങ്ങൾ.

കോട്ടയെ റെഡ് സിഗ്നൽ രഹിത നഗരമാക്കിയത് അനായാസമായ കാര്യമല്ല. ഇതിന് പിന്നിൽ വർഷങ്ങളായുള്ള കൃത്യമായ ആസൂത്രണം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, നൂതന റോഡ് രൂപകൽപന എന്നിവയാണ്. അർബൻ ഇമ്പ്രൂവ്മെന്റ് ട്രസ്റ്റ് കോട്ടയും രാജസ്ഥാനിലെ ഗവണ്മെന്റും ചേർന്ന് ഒരു വലിയ റോഡ് നവീകരണ പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുപ്പത് ഫ്‌ളൈഓവറുകൾ, അടിപാതകൾ, റൗണ്ട് അബൗട്ടുകൾ എന്നിവ നിർമ്മിച്ച് ട്രാഫിക് സിഗ്നലുകൾ പൂർണമായും ഒഴിവാക്കി.

റോഡുകളുടെ വീതി വർദ്ധിപ്പിക്കുകയും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. ഡ്രൈവർമാർക്ക് ഗതാഗത ദിശകൾ വ്യക്തമാക്കാൻ ദിശാബോർഡുകളും ലൈൻ അടയാളങ്ങളും പുതുക്കി. കൂടാതെ, പൗരന്മാർക്ക് ഗതാഗത ബോധവൽക്കരണം നൽകി പദ്ധതി വിജയകരമായി നടപ്പിലാക്കി.

കോട്ട നഗരത്തിന്റെ ഈ വിജയം മറ്റെല്ലാ ഇന്ത്യൻ നഗരങ്ങൾക്കും പ്രചോദനമാണ്. സാങ്കേതിക പരിഷ്‌ക്കാരങ്ങളും ബോധവൽക്കരണവും ഒരുമിച്ച് നടപ്പിലാക്കുമ്പോൾ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് കോട്ട തെളിയിച്ചു. ട്രാഫിക് ലൈറ്റുകൾ ഇല്ലെങ്കിലും നിയന്ത്രണവും ക്രമവുമുള്ള ഒരു നഗരം സൃഷ്ടിക്കാമെന്നത് കോട്ടയുടെ വിജയം നമ്മെ പഠിപ്പിക്കുന്നു.

Related Articles

Back to top button