കുണ്ടും കുഴിയും മൂലം ഗതാഗതക്കുരുക്ക് രൂക്ഷം… സ്വകാര്യ ബസുകൾ പാലം ബഹിഷ്കരിച്ചു… ഇനി ആശ്വാസം…
എറണാകുളം കാലടി പാലത്തിലെ കുഴികൾ പൂർണമായും ടാർ ചെയ്തു. ഇതോടെ സ്വകാര്യ ബസുകൾ പാലം ബഹിഷ്കരിച്ച് നടത്തിയിരുന്ന സമരം പിൻവലിച്ചു. കുണ്ടും കുഴിയും മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്ന റേഡിൽ ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അടക്കം ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു. തുടർന്ന് മഴ മാറിയാൽ ഉടൻ എം.സി റോഡിലെ കുഴികൾ അടക്കുമെന്ന് റോജി എം ജോൺ എംഎൽഎ അറിയിച്ചിരുന്നു. കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ പൂർണമായും ടാർ ചെയ്തു.
മെയ് 29ന് കോട്ടയത്തുനിന്നും തൃശൂരേക്ക് പോകുന്നിതിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഔദ്യോഗിക വാഹനം പാലത്തിലെ കുരുക്കിലും കുഴിയിലും കുടുങ്ങിയിരുന്നു. നാട്ടുകാർ നേരിട്ടെത്തി പരാതികൾ അറിയിച്ചതോടെ കുഴികൾ പരിശോധിച്ച ശേഷം പൊതുമാരാമത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് അടിയന്തര നടപടി കൈക്കൊള്ളാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പാലത്തിൽ ഉയർന്നു നിൽക്കുന്ന ടാർ കൂനകൾ ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയി. പക്ഷേ മഴ കനത്തതോടെ വീണ്ടും കുഴികൾ രൂപപ്പെട്ടു.
മാസങ്ങളായി പകലും രാത്രിയും തുടർന്ന ഗതാഗതക്കുരുക്കിൽ പെട്ടു വലയുകയായിരുന്നു യാത്രക്കാർ. പാലത്തിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ പാലം ബഹിഷ്കരിച്ച് രണ്ട് ദിവസമായി തുടരുന്ന സമരം കുഴികൾ അടച്ചതോടെ പിൻവലിച്ചു. ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എ.പി.ജിബി പറഞ്ഞു.