അധ്യാപികയുടെ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു.. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്…

കാറിടിച്ച് വൈദ്യുതി തൂൺ പൊട്ടി ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. നിയന്ത്രണം തെറ്റിയ കാറിടിച്ച് ആണ് വൈദ്യുതിതൂൺ പൊട്ടിയത്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. പാലക്കാട് വണ്ടാഴിയിലാണ് സംഭവം. ആലത്തൂർ ഉപജില്ലാ ശാസ്ത്രോത്സവം നടക്കുന്ന വണ്ടാഴി സിവിഎം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ബുധനാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം. കാർ ഇടിച്ച് പൂർണ്ണമായും പൊട്ടിയ തൂൺ മറിഞ്ഞു വീഴാതെ കുത്തനെ നിന്നതാണ് രക്ഷയായത്.
ശാസ്ത്രമേളക്കെത്തിയ അധ്യാപികയുടെ കാറാണ് അപകടത്തിൽപെട്ടത്. അപകടത്തെ തുടർന്ന് വൈദ്യുതി ബന്ധം നിലച്ചത് ഐടി ശാസ്ത്രമേളയേയും ബാധിച്ചു. ഈ സമയത്ത് വിവിധ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികളും വാഹനങ്ങളുമൊക്കെയായി വലിയ തിരക്കായിരുന്നു സ്കൂൾ പരിസരത്ത് അനുഭവപ്പെട്ടത്. ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. മംഗലംഡാം പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.