‘മന്ത്രി റിയാസ് ചെറുപ്പക്കാരൻ, കേന്ദ്ര മന്ത്രിയെ പോയി കാണാമല്ലോ; ഒന്നും ആവശ്യപ്പെടുന്നില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്’

കേരളത്തിലെ ടൂറിസം മന്ത്രി ഒന്നും ആവശ്യപ്പെടുന്നില്ലെന്നാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറയുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ചെറുപ്പക്കാരനായ ടൂറിസം മന്ത്രിയാണ് കേരളത്തിൽ ഉള്ളത്. നടക്കാൻ വയ്യാത്ത ആളല്ല. കേന്ദ്ര മന്ത്രിയെ പോയി കണ്ട് ആവശ്യം ഉന്നയിച്ചുകൂടെ എന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
കേരളത്തിന്റെ സമ്പത്ത് കേന്ദ്രം കൊള്ളയടിക്കുന്നു എന്ന ആക്ഷേപം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ധാതുമണല്‍ ഇടനാഴി പ്രഖ്യാപിച്ചത് രാജ്യത്തിന്റെ പൊതുസമ്പത്ത് സംരക്ഷിക്കാനാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഈ മേഖലയില്‍ നടന്നത് ചില സ്വകാര്യ കമ്പനികളുടെ കൊള്ളയാണ്. രാജ്യത്തിന്റെ ധാതുസമ്പത്ത് കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ടതാണ്. കേന്ദ്ര നിയമം കേരളത്തിനും ബാധകമാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. കരിമണല്‍ നമ്മുടെ രാജ്യത്തിന്റെ സ്വത്താണ്. അത് സൗകര്യപൂര്‍വ്വം ഏതെങ്കിലും സ്വകാര്യ വ്യക്തികള്‍ക്ക് കൊടുക്കാനുള്ളതല്ല.
വ്യവസായ വകുപ്പിന് കീഴില്‍ വരുന്ന മൈനര്‍ മിനറല്‍സില്‍ ഏതൊക്കെയാണ് കേരളത്തിന് അവകാശപ്പെട്ടതെന്ന് കേരളത്തിലെ ജനങ്ങളോട് വ്യക്തമായി പറയാന്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് തയ്യാറാകണം. കാസര്‍കോട് കിണാനൂര്‍ കരിന്തളത്ത് പ്രവര്‍ത്തിച്ചിരുന്ന കമ്പനിയില്‍ നിന്ന് ഉല്പാദിപ്പിച്ചിരുന്നത് ബോക്സൈറ്റായിരുന്നു. ഈ ബോക്സൈറ്റ് 50 ശതമാനത്തിലധികം അലൂമിനിയത്തിന്റെ അംശമുള്ളതായിരുന്നു. അമ്പത് ശതമാനത്തോളം അലൂമിനിയം അംശം കണ്ടെത്തിയാല്‍ അത് ബോക്സൈറ്റ് എന്ന രീതീയില്‍ ഇന്‍വോയ്സ് ചെയ്യണം. എന്നാല്‍ ചുവന്ന മണ്ണെന്നെഴുതി ഗോവയിലേക്ക് കൊണ്ടുപോയി അവിടെ നിന്ന് അത് ചൈനയിലേക്ക് അയച്ചു. അന്ന് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി അയച്ചു. വലിയ ജനകീയ സമരങ്ങളുണ്ടായിതിന ശേഷം ആ കമ്പനി പൂട്ടിക്കെട്ടിയിരിക്കുകയാണ്.



