ഇന്ന് ആകാശത്ത് അപൂർവ കാഴ്ച; രക്തചന്ദ്രനെ കാണാൻ ഇനി മണിക്കൂറുകൾ മാത്രം

വാനനിരീക്ഷകർ ഏറെ നാളായി കാത്തിരുന്ന പൂർണ ചന്ദ്രഗ്രഹണം ഇന്ന്. വൈകുന്നേരത്തോടെ ഭൂമിയുടെ നിഴൽ പൂർണ്ണചന്ദ്രനെ മൂടുമ്പോൾ, ആകാശത്ത് ചുവന്ന നിറത്തിൽ തിളങ്ങുന്ന ‘രക്തചന്ദ്രൻ’ ദൃശ്യമാകും. ഇത്തരമൊരു രക്തചന്ദ്രനെ കാണാൻ ഇനി 2029 വരെ കാത്തിരിക്കേണ്ടി വരും.
ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ കാണാനാകും. ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉണ്ടെങ്കിൽ കാഴ്ച കൂടുതൽ മിഴിവുള്ളതായിരിക്കും. സൂര്യപ്രകാശം മാത്രം പ്രതിഫലിപ്പിക്കുന്നതിനാൽ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നതിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല.
ഇന്ത്യയിൽ എപ്പോൾ കാണാം?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉച്ചയ്ക്ക് 2.14-നാണ് ഗ്രഹണം ആരംഭിക്കുന്നത്. എന്നാൽ ഈ സമയത്ത് ചന്ദ്രൻ ഇന്ത്യയിൽ ദൃശ്യമല്ല. രാജ്യത്തെ മിക്ക ഭാഗങ്ങളിലും ചന്ദ്രോദയ സമയത്ത് ഗ്രഹണം അവസാനഘട്ടത്തിലായിരിക്കും.
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 3.20 ആകുമ്പോൾ ഭാഗിക ഗ്രഹണം ആരംഭിക്കും. 4.34 ആകുമ്പോഴേക്കും പൂർണഗ്രഹണവും. ഈ സമയം ചന്ദ്രൻ ചുവപ്പ് നിറത്തിൽ ദൃശ്യമാകും. വൈകീട്ട് 6:47 നും 7:53 നും ഇടയിൽ ഗ്രഹണം അവസാനിക്കും. സൂര്യാസ്തമയത്തോടടുത്ത്, ഏകദേശം വൈകുന്നേരം 6:20 മുതൽ ഗ്രഹണം കണ്ടു തുടങ്ങാം.
എന്താണ് ചന്ദ്രഗ്രഹണം?
ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമിയെത്തുമ്പോൾ, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ചന്ദ്രഗ്രഹണത്തിൽ ഭൂമിയുടെ നിഴലിൽ ചന്ദ്രൻറെ ഒരു ഭാഗം മാത്രമേ മറയുകയുള്ളൂ. അതേസമയം, സമ്പൂർണ ചന്ദ്രഗ്രഹണത്തിൽ സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലായിരിക്കും. ഈ സമയം ഭൂമിയുടെ നിഴലിൻറെ ഏറ്റവും ഇരുണ്ട ഭാഗമായ അംബ്ര ചന്ദ്രനെ മൂടുന്നു. ഭൂമിയുടെ നിഴലിൽ ചന്ദ്രൻ പൂർണ്ണമായി മറയുകയും എന്നാൽ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികൾ ചന്ദ്രനെ ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിൽ ദൃശ്യമാക്കുകയും ചെയ്യുന്നു.
ചുവപ്പ് നിറത്തിന് കാരണം
സമ്പൂർണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷമാണ് ചന്ദ്രനെ ‘രക്തചന്ദ്രനാ’ക്കി മാറ്റുന്നത്. ഈ സമയം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികൾ ചന്ദ്രനിൽ പതിക്കുന്നു. ഈ സൂര്യരശ്മികൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രകീർണനത്തിന് വിധേയമാകും. ഇതോടെ ദൃശ്യപ്രകാശത്തിലെ പച്ച മുതൽ വയലറ്റ് തരംഗദൈർഘ്യം കുറഞ്ഞ കിരണങ്ങൾ ചിതറിത്തെറിക്കുകയും തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് നിറങ്ങൾ ചന്ദ്രനിലേക്കെത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് ചന്ദ്രൻ രക്തചന്ദ്രനായി കാണപ്പെടുന്നത്. സാധാരണ സൂര്യോദയസമയത്തും സൂര്യാസ്തമയസമയത്തും കാണുന്ന ചുവന്ന ചക്രവാളദൃശ്യത്തിനു സമാനമായിരിക്കും ഇത്.



