സഹോദരങ്ങളായ പെൺകുട്ടികൾക്ക് പീഡനം…പീഡനത്തിന് കൂട്ടുനിന്നത് സ്വന്തം അമ്മയും സഹോദരിയും….

മുഴുപ്പട്ടിണിയിൽ കഴിഞ്ഞ നാലു സഹോദരങ്ങളെ ആശ്രയ കേന്ദ്രങ്ങളിലെത്തിച്ചപ്പോൾ അവർ പറഞ്ഞ പീഡനാനുഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നെന്ന് സാമൂഹികനീതിവകുപ്പ്. മാനസികാസ്വാസ്ഥ്യമുള്ള 20- കാരിയും 18 വയസ്സുള്ള സഹോദരിയും അഞ്ചുവർഷമായി പലരിൽനിന്നും ശാരീരിക പീഡനങ്ങൾ നേരിടുകയായിരുന്നുവെന്നാണ് കൗൺസലർമാരോട് വെളിപ്പെടുത്തിയത്. പീഡനത്തിന് കൂട്ടുനിന്നത് സ്വന്തം അമ്മയും മറ്റൊരു സഹോദരിയുമാണെന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടുന്നു.

അമ്മയുടെ ആൺസുഹൃത്തും സഹോദരിയുടെ മൂന്നാമത്തെ ഭർത്താവുമാണ് ഈ കുട്ടികളെ ഏറെ പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തൽ. മജിസ്ട്രേട്ടിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നിഖിൽ എന്ന മറ്റൊരു വ്യക്തിയെ പോക്സോ- ബലാത്സംഗ കുറ്റത്തിന് പോലീസ് അറസ്റ്റു ചെയ്തു. എന്നാൽ പ്രധാന പ്രതികൾ ഇനിയും പിടിയിലായിട്ടില്ല.

അഞ്ചുവർഷം മുമ്പ് നാലു മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് അമ്മ വിവാഹിതയായ മൂത്ത മകളോടൊപ്പം പോയി. അച്ഛൻ വീട്ടിൽ വരാതായി. പറക്കമുറ്റാത്ത രണ്ട് ആൺമക്കളേയും രണ്ടു പെൺമക്കളേയും വളർത്താനായി മുത്തശ്ശി വീട്ടുപണി ചെയ്ത് പണം കണ്ടെത്തി. പണമില്ലാത്തതിനാൽ ഇളയ മകൾ എട്ടിൽ പഠനം നിർത്തി. മാനസികാസ്വാസ്ഥ്യമുള്ള മകളും രണ്ടു ആൺകുട്ടികളും സ്കൂളിൽ‍ പോയിട്ടില്ല.

നാട്ടുകാർ ഇക്കാര്യം സാമൂഹികനീതി വകുപ്പിനെ അറിയിച്ചു. സാമൂഹികനീതി വകുപ്പ് നാലു കുട്ടികളേയും ആശ്രയ കേന്ദ്രത്തിലാക്കി. അവിടെ നടത്തിയ കൗൺസിലിങ്ങിലാണ് ഇളയ പെൺകുട്ടി പീഡന വിവരം പറഞ്ഞത്. മാനസികാസ്വാസ്ഥ്യമുള്ള 20-കാരിക്ക് മൊഴി നൽകാനാകില്ല. 20-കാരിയാണ് ഏറ്റവുമധികം പീഡനം സഹിക്കേണ്ടി വന്നതെന്ന് അനിയത്തി മൊഴി നൽകിയിട്ടുണ്ട്.

മൂത്ത മകളുടെ രണ്ടാമത്തെ ഭർത്താവാണ് അമ്മയുടെ ഇപ്പോഴത്തെ ആൺസുഹൃത്ത്. ഭർത്താവ് അമ്മയോടൊപ്പം താമസമാക്കിയതോടെ മൂത്ത മകൾ മൂന്നാമതും വിവാഹം കഴിച്ചു. മുത്തശ്ശി വീട്ടുപണിക്ക് പോകുന്ന സമയത്താണ് അമ്മയും മൂത്ത സഹോദരിയും വീട്ടിലെത്തി പീഡനത്തിന് കൂട്ടുനിന്നത്.

കുട്ടികളെ വീട്ടിൽനിന്ന് മാറ്റിയതിന് സന്നദ്ധ പ്രവർത്തകർക്കും സാമൂഹികനീതി വകുപ്പ് ജീവനക്കാർക്കും നേരേ അമ്മയും ആൺസുഹൃത്തും മകളും ഭർത്താവും പലതവണ ഭീഷണിയുയർത്തിയതായും പരാതിയുണ്ട്.

Related Articles

Back to top button