കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലപാതകത്തിന് നാളെ 25 വർഷം പൂർത്തിയാകുന്നു

കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലപാതകത്തിന് നാളെ 25 വർഷം പൂർത്തിയാകും. 2001 ജനുവരി ആറിന് ആലുവ സബ് ജയിൽ റോഡിലെ മാഞ്ഞൂരാൻ കുടുംബത്തിലെ ആറ് പേരെയാണ് കൂട്ടക്കൊലക്ക് ഇരയാക്കിയത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സംഭവങ്ങളിലൊന്നാണിത്. ഒരു വ്യക്തി ഒറ്റയ്ക്ക് ആറ് പേരെ കൊലപ്പെടുത്തുമോ?, ഇത്ര മെലിഞ്ഞിരിക്കുന്ന വ്യക്തിക്ക് ഇതെങ്ങനെ സാധ്യമാകും എന്നുതുടങ്ങി പല ചോദ്യങ്ങളും ഉണ്ടായെങ്കിലും ഒടുവിൽ സുപ്രീം കോടതിയും കുറ്റവാളിയെന്ന് ഉറപ്പിക്കച്ചതോടെ ഇതെല്ലാം കെട്ടടങ്ങി. ആലുവയിൽ പ്രവർത്തിച്ചിരുന്ന മാഞ്ഞൂരാൻ ഹാർഡ്വെയേഴ്സ് ഉടമ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ് മോൻ (14), ദിവ്യ (12), അഗസ്റ്റിൻ്റെ സഹോദരി കൊച്ചുറാണി (42), ഇവരുടെ അമ്മ ക്ലാര (74) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ബന്ധുവും ആലുവ നഗരസഭയിലെ താത്കാലിക ഡ്രൈവറായിരുന്ന ‘ബ്ലാക്ക് ബെൽറ്റ് ആന്റപ്പൻ’ എന്നറിയപ്പെട്ടിരുന്ന എം.എ.ആന്റണിയാണ് ആറ് പേരെയും കൊലപ്പെടുത്തിയത്. കേസിൽ സിബിഐ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചതോടെ, ഇപ്പോൾ പരോൾ നേടി നാട്ടിൽ കഴിയുകയാണ് ആൻ്റണി.
വിദേശത്ത് പോകാൻ അഗസ്റ്റിന്റെ സഹോദരിയായ കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നു. ഇത് നൽകാതിരുന്നതിലെ വിരോധമാണ് കൊലപാതകങ്ങൾക്ക് കാരണം. സംഭവ ദിവസം രാത്രി ഒൻപത് മണിയോടെ പണം ആവശ്യപ്പെട്ട് ആന്റണി മാഞ്ഞൂരാൻ വീട്ടിലെത്തി. ഈ സമയത്ത് അഗസ്റ്റിനും, ഭാര്യയും മക്കളും സമീപത്തെ സീനത്ത് തീയറ്ററിൽ സിനിമയ്ക്ക് പോയി. പണം ലഭിക്കാതായതോടെ കൊച്ചുറാണിയെയും പിന്നാലെ അമ്മ ക്ലാരയെയും ആൻ്റണി കൊലപ്പെടുത്തി. പിന്നീട് വീട്ടിൽ തന്നെ കഴിഞ്ഞ ആൻ്റണി, സിനിമ കഴിഞ്ഞ് വീട്ടിലെത്തിയ അഗസ്റ്റിനെയും കുടുംബത്തെയും കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. പുലർച്ചെ ഇവിടെ നിന്നും ട്രെയിനിൽ മുംബൈയിലേക്ക് കടന്ന ഇയാൾ, അവിടെ നിന്ന് ദമാമിലേക്ക് പോയി.



