നാളെ കലാശക്കൊട്ട്…. വൈകിട്ട് 6 മുതൽ നിശബ്ദ പ്രചാരണം…. നിയമങ്ങൾ തെറ്റിച്ചാൽ കർശന നടപടി

തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ പരസ്യപ്രചാരണം ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പാലിക്കേണ്ട ‘നിശബ്ദ കാലയളവ്’ (Silence Period) സംബന്ധിച്ച കർശന നിർദ്ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്നത്.

1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകൾ, ഘോഷയാത്രകൾ, സംഗീത പരിപാടികൾ, നാടകങ്ങൾ എന്നിവയ്ക്കും നിരോധനമുണ്ട്.

ടെലിവിഷൻ, സിനിമ, റേഡിയോ അല്ലെങ്കിൽ സമാനമായ ഉപകരണങ്ങൾ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചു. വോട്ടെടുപ്പ് ദിവസവും തലേദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകാൻ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. വോട്ടർമാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടൻ (ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക്) മണ്ഡലം വിട്ടു പോകേണ്ടതാണ്.

വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള വിനോദ പരിപാടികളോ ഓൺലൈൻ പ്രചാരണങ്ങളോ നിശബ്ദ കാലയളവിൽ അനുവദിക്കില്ല. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് ഡോ. രത്തൻ യു. കേൽക്കർ അഭ്യർത്ഥിച്ചു. ഭയരഹിതമായി വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം ഉറപ്പാക്കാനാണ് ഈ നിയന്ത്രണങ്ങൾ.

Related Articles

Back to top button