വീട്ടില്‍ നിന്ന് പുറത്തിറക്കാത്ത കാറിനും ടോള്‍.. കുമ്പളം ടോള്‍ പ്ലാസയ്‌ക്കെതിരെ പരാതി…

ആലപ്പുഴ: വീട്ടില്‍ നിന്ന് പുറത്തിറക്കാത്ത കാറിനും ടോള്‍…, കുറച്ചു ദിവസങ്ങളായി ചേര്‍ത്തല താലൂക്കിലെ ചില വാഹന ഉടമകള്‍ നേരിടുന്ന അവസ്ഥയാണിത്. ഇതുമായി ബന്ധപ്പെട്ട് പരാതികളും ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍പ്പേര്‍ക്ക് പണം പോകുന്നുണ്ടെങ്കിലും ചെറിയ തുകയായതിനാല്‍ പലരും പരാതിപ്പെടുന്നില്ല എന്നാണ് വിവരം.

കുമ്പളം ടോള്‍ പ്ലാസയ്‌ക്കെതിരെയാണ് ആക്ഷേപം. ചേര്‍ത്തല സ്വദേശിയുടെ വാഹനത്തിന് രണ്ടുതവണയാണ് ഇവിടെ നിന്ന് ടോള്‍ ഈടാക്കിയത്. വാഹനം വീടിന് പുറത്തേക്കിറക്കാത്ത ദിവസമായിരുന്നു ഇത്. മറ്റൊരു യുവാവിനും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പണം നഷ്ടമായി. പുലര്‍ച്ചെ രണ്ടിന് ടോള്‍ പ്ലാസ വഴി വാഹനം പോയെന്നാണ് സന്ദേശം. ഫാസ്ടാഗ് അക്കൗണ്ടില്‍ നിന്ന് പണവും നഷ്ടപ്പെട്ടു. ഇതുസംബന്ധിച്ച് സന്ദേശം ലഭിക്കുമ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്.

ടോള്‍ പ്ലാസയിലെ പിഴവാണ് പ്രശ്‌നം. ചില സന്ദര്‍ഭങ്ങളില്‍ വാഹനത്തിലെ ഫാസ്ടാഗിന്റെ ക്യൂആര്‍ കോഡ് റീഡ് ചെയ്യാറില്ല. അപ്പോള്‍ ഓട്ടോമാറ്റിക്കായി ടോള്‍ ഈടാക്കാനാകില്ല. വാഹനത്തിന്റെ നമ്പര്‍ അടിച്ചുനല്‍കി ടോള്‍ ഈടാക്കും. നമ്പര്‍ അടിക്കുമ്പോള്‍ മാറിപ്പോകാം. പ്രത്യേകിച്ച് ഒരുപോലെ തോന്നിക്കുന്ന അക്കങ്ങളുടെ കാര്യത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെ മാറിപ്പോകുന്ന നമ്പറിന്റെ ഉടമയ്ക്കായിരിക്കും ടോള്‍ നല്‍കേണ്ടി വരുന്നത്. പ്ലാസയുമായി ബന്ധപ്പെട്ടാല്‍ പണം തിരികെ ലഭിക്കുന്നുണ്ട്. എന്നാല്‍, ചെറിയ തുകയായതിനാല്‍ പലരും ഇതിന് മുതിരാറില്ല.

Related Articles

Back to top button