പാലിയേക്കരയിലെ ടോള്‍ പിരിവ് നിർത്തുന്നു.. തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ്…
സുഗമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. യാത്രക്കാര്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നത് കാരണമാണ് കളക്ടറുടെ ഉത്തരവ്. ഉത്തരവ് നാഷണല്‍ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിന് ശേഷം ഉത്തരവ് പുന:പരിശോധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
നാഷണല്‍ ഹൈവേ 544 ല്‍ ചിറങ്ങര അടിപ്പാത നിര്‍മാണ സ്ഥലത്തും പരിസരത്തും വ്യാപകമായ ഗതാഗതക്കുരുക്കാണെന്ന പരാതിയെത്തുടര്‍ന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി 2025 ഫെബ്രുവരി 25, ഏപ്രില്‍ നാല്, 22 തിയതികളില്‍ ജില്ലാ ഭരണകൂടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിന് ഏപ്രില്‍ 16ന് എടുത്ത തീരുമാനം നാഷണല്‍ ഹൈവേ അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാല്‍ പിന്‍വലിച്ചിരുന്നു. ഏപ്രില്‍ 28 നകം ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കില്‍ ഏപ്രില്‍ 16 ലെ തീരുമാനം നടപ്പിലാക്കുമെന്ന് 22 ലെ യോഗത്തില്‍ തീരുമാനപ്പെടുത്തിരുന്നു. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു.സര്‍വീസ് റോഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സുഗമാകാത്തതിനെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. ഇതോടെയാണ് കളക്ടറുടെ കര്‍ശന നടപടി.