ടോയ്‍ലെറ്റിൽ പറഞ്ഞസമയത്ത് പോണം, രണ്ട് മിനിറ്റേ എടുക്കാവൂ, വേറെ വഴിയില്ല…
toilet restriction in office
ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ കമ്പനികളിൽ ജീവനക്കാരോട് മനുഷ്യത്വ വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കാറുണ്ട്. അതുപോലെ വലിയ വിമർശനങ്ങൾ നേരിടുകയാണ് ഇപ്പോൾ ചൈനയിൽ നിന്നുള്ള ഒരു കമ്പനി.
ടോയ്‍ലെറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത കമ്പനി കൊണ്ടുവന്ന പുതിയ നയമാണ് വിമർശനങ്ങൾക്ക് കാരണമായി തീർന്നത്. ഫെബ്രുവരി 11 മുതലാണ് ഈ നയങ്ങൾ നിലവിൽ വന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ പുതിയ നയപ്രകാരം ഇവിടുത്ത ജീവനക്കാർക്ക് നിർദ്ദേശിച്ചിരിക്കുന്ന സമയത്ത്, നിർദ്ദേശിച്ചിരുന്ന സ്ലോട്ടിൽ മാത്രമേ ടോയ്‍ലെറ്റ് ഉപയോഗിക്കാനുള്ള അനുമതി ഉള്ളൂ. അത് മാത്രമല്ല, രണ്ട് മിനിറ്റാണ് ടോയ്‍ലെറ്റിൽ പോകാൻ അനുവദിച്ചിരിക്കുന്ന സമയം. ഈ രണ്ട് മിനിറ്റ് കൊണ്ട് ടോയ്‍ലെറ്റിൽ പോയി തിരികെ വന്ന് ജോലി ആരംഭിച്ചിരിക്കണം.
ഗ്വാങ്ഡോങ്ങിലെ ഫോഷനിലുള്ള ത്രീ ബ്രദേഴ്സ് മെഷീൻ മാനുഫാക്ചറിംഗ് കമ്പനിയാണ് ഈ തൊഴിലാളി വിരുദ്ധ നയത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നത്. ജീവനക്കാരുടെ തൊഴിൽസ്ഥലത്തെ അച്ചടക്കവും പെരുമാറ്റവും ഒക്കെ മെച്ചപ്പെടുത്താനാണ് ഈ നയം കൊണ്ടുവന്നത് എന്നാണ് കമ്പനിയുടെ വാദം.
പുതിയ നയപ്രകാരം ടോയ്‍ലെറ്റ് ഉപയോഗിക്കാൻ ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്ന സമയം ഇങ്ങനെയാണ്. രാവിലെ എട്ട് മണിക്ക് മുമ്പ്. രാവിലെ 10.30 മുതൽ 10.40 വരെ. ഉച്ചയ്ക്ക് 12 മണിക്കും 1.30 നും ഇടയിൽ. വൈകുന്നേരം 3.30 മുതൽ 3.40 വരെ. 5.30 മുതൽ 6 മണി വരെ.
വളരെ അത്യാവശ്യം വരികയാണെങ്കിൽ മാത്രമാണ് ഇതിനിടയിൽ ടോയ്‍ലെറ്റ് ഉപയോഗിക്കാനുള്ള അനുവാദം. അതും രണ്ട് മിനിറ്റ് മാത്രമേ അതിന് വേണ്ടി ഉപയോഗിക്കാവൂ എന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ പുതിയ നയത്തിനെതിരെ വലിയ വിമർശനമാണ് ഇപ്പോൾ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഉയർന്നു കൊണ്ടിരിക്കുന്നത്.