രണ്ടും കൽപ്പിച്ച് ട്രംപ് മുന്നോട്ട്, ഇന്ത്യക്കെതിരെ കൂടുതല്‍ നടപടികളോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…
റഷ്യയ്ക്കു മേൽ കൂടുതൽ ഉപരോധം ഉണ്ടാകുമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക് കൂടുതൽ താരിഫ് ആലോചിക്കുമോയെന്ന ചോദ്യത്തിന് അതെ എന്ന് ട്രംപ് ഉത്തരം നൽകി. ഇന്ത്യയുമായി നല്ല ബന്ധം ഉണ്ടാകും എന്ന് പ്രസിഡന്‍റ് പറഞ്ഞ ശേഷവും ട്രംപിന്‍റെ വിശ്വസ്തർ ഭീഷണി തുടർന്നിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് നിർദ്ദേശിച്ചിരുന്നു. ഇതിനോടാണ് ട്രംപ് യോജിച്ചത്. യുദ്ധം നിർത്താൻ ഉപരോധം വഴി റഷ്യൻ സമ്പദ് വ്യവസ്ഥ തകർക്കണമെന്നും യുഎസ് ട്രഷറി സെക്രട്ടറി അഭിപ്രായപ്പെട്ടു. യുഎസ് നീക്കം നേരിടാനുള്ള ബ്രിക്സ് ഉച്ചകോടി ഇന്ന് വിർച്ച്വലായി നടക്കും. എസ് ജയശങ്കറാകും ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുക.
അതേസമയം,നിർണായക ജിഎസ്ടി പരിഷ്കരണം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ബിജെപി എംപിമാർ അനുമോദിക്കും. എംപിമാർക്കുള്ള പരിശീലന പരിപാടിയായ സൻസദ് കാര്യശാലയിലാണ് മോദിയെ അനുമോദിക്കുക. ഇന്നലെ തുടങ്ങിയ പരിശീലന പരിപാടിയിൽ മുഴുനീളം പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. അതേസമയം ജിഎസ്ടി പരിഷ്കരണത്തിലെ പരാതികൾ പരിഹരിക്കാനായി കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗം ഇന്ന് ചേരും. സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നതടക്കം വിവിധ മന്ത്രാലയ സെക്രട്ടറിമാർ പങ്കെടുക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. വസ്ത്ര മേഖലയിലുള്ളവർ, സൈക്കിൾ നിർമ്മാതാക്കൾ, ഇൻഷൂറൻസ് മേഖലയിലുള്ളവർ ഒക്കെ പരിഷ്കരണത്തിൽ പരാതി അറിയിച്ചിരുന്നു