സ്പീക്കറെ പുറത്താക്കാൻ പ്രമേയം…ഡെപ്യൂട്ടി സ്പീക്കർ എവിടെയെന്ന് പ്രതിപക്ഷം

ഭരണപക്ഷത്തോട് പക്ഷപാതംകാട്ടുന്നുവെന്ന് ആരോപിച്ച് ഓം ബിർളയെ സ്പീക്കർപദവിയിൽനിന്ന് പുറത്താക്കാനുള്ള പ്രതിപക്ഷപ്രമേയം ലോക്സഭ ചൊവ്വാഴ്ച ചർച്ചയ്‌ക്കെടുത്തു. ചർച്ചാവേളയിൽ ലോക്സഭയെ ആരുനിയന്ത്രിക്കണം എന്നതിനെച്ചൊല്ലി രൂക്ഷമായ ഭരണ-പ്രതിപക്ഷ തർക്കമുണ്ടായി.

സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം ചർച്ചയ്‌ക്കെടുക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കേണ്ടതെന്നും ഡെപ്യൂട്ടി സ്പീക്കറില്ലെങ്കിൽ സഭ നിശ്ചയിക്കുന്ന ആളായിരിക്കണമെന്നും പ്രതിപക്ഷാംഗങ്ങൾ ക്രമപ്രശ്‌നമുന്നയിച്ചു. അസദുദ്ദീൻ ഒവൈസി (മജ്ലിസ് പാർട്ടി), കെ.സി. വേണുഗോപാൽ (കോൺഗ്രസ്), സൗഗത റോയ് (തൃണമൂൽ കോൺഗ്രസ്) എന്നിവരാണ് ക്രമപ്രശ്‌നമുന്നയിച്ചത്. സഭയിലുള്ളത് സ്പീക്കർ നിശ്ചയിച്ച അധ്യക്ഷപാനലിൽപ്പെട്ട ആളാണെന്നും അത് ഭരണഘടനാലംഘനമാണെന്നും അവർ പറഞ്ഞു. ഏഴുവർഷമായി ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാതെ സർക്കാർ രാജ്യത്ത് ഭരണഘടനാവിടവ് സൃഷ്ടിച്ചിരിക്കുകയാണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി. ജഗദംബികപാലാണ് ഈ സമയം അധ്യക്ഷക്കസേരയിലുണ്ടായിരുന്നത്.

സ്പീക്കറുടെയോ ഡെപ്യൂട്ടി സ്പീക്കറുടെയോ അഭാവത്തിൽ സഭാനടപടിക്രമങ്ങളനുസരിച്ച് തീരുമാനിക്കപ്പെട്ടയാളിനോ സഭ നിശ്ചയിക്കുന്നയാളിനോ സഭനിയന്ത്രിക്കാമെന്ന് മറ്റൊരു ഭരണഘടനാ അനുച്ഛേദം ചൂണ്ടിക്കാട്ടി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. ബി.ജെ.പി. അംഗങ്ങളായ നിഷികാന്ത് ദുബെ, രവിശങ്കർ പ്രസാദ് എന്നിവരും ഈ വാദമുയർത്തി. ഇത് അംഗീകരിച്ച ജഗദംബിക പാൽ ക്രമപ്രശ്‌നം തള്ളി. ഇതേച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി.

Related Articles

Back to top button