മതേതര രാജ്യത്തിന്റെ കറുത്ത ഏട്.. ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്നേക്ക് 32 വർഷം…
ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 32 വർഷം.1992 ഡിസംബർ 6. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരപ്രവൃത്തികളിലൊന്നിന് സാക്ഷ്യം വഹിച്ച ദിനം.രാഷ്ട്രശരീരത്തിനേറ്റ ഒരിക്കലും ഉണങ്ങാത്ത മുറിവായി ബാബരി മസ്ജിദ് ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുകയാണ്.ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന രാഷ്ട്രീയ പദ്ധതിക്കൊടുവിലാണ് കോടതിയെ പോലും നോക്കുകുത്തിയാക്കി സംഘപരിവാരം പള്ളിപൊളിച്ചുവീഴ്ത്തിയത്. പള്ളി പൊളിച്ച് 32 വർഷം പിന്നിടുമ്പോഴും ആ കൊടുംപാതകത്തിൻറെ പേരിൽ ഒരാളും ശിക്ഷിക്കപ്പെട്ടില്ല. ബാബരി മസ്ജിദ് തകർത്തതിൽ ആസൂത്രണമോ ക്രിമിനൽ ഗൂഢാലോചനയോ തെളിയിക്കാനായില്ലെന്ന് പറഞ്ഞ് പ്രത്യേക കോടതി 32 പ്രതികളെയും വെറുതെവിട്ടിരുന്നു. അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ ധന്നിപ്പുരിൽ പള്ളി നിർമിക്കാൻ നൽകിയ സ്ഥലത്ത് ഇപ്പോഴും ഒരു നിർമ്മാണ പ്രവർത്തനവും ആരംഭിച്ചിട്ടില്ല.
1992 ഡിസംബർ ആറിനാണ് സകല നിയമസംവിധാനങ്ങളും നോക്കിനിൽക്കെ, കർസേവകർ പള്ളി പൊളിച്ചിട്ടത്. പള്ളി നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം ഉയർന്നെങ്കിലും കരം നൽകിയ ഭൂമിയിൽ പള്ളിയുടെ നിർമാണം ഇതുവരെയും ആരംഭിച്ചിട്ടില്ല. ബാബരി വീഴ്ത്തിയതോടെ, പട്ടികയിലുള്ള കൂടുതൽ പള്ളികളിന്മേൽ അധീശത്വം സ്ഥാപിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് സംഘപരിവാർ ഇപ്പോൾ.