ടാസ്കി വിളിയെടാ…. ഈ ചിരി മാഞ്ഞിട്ട് 26 വര്‍ഷങ്ങള്‍; കുതിരവട്ടം പപ്പുവിന്‍റെ ഓര്‍മ്മദിനം ഇന്ന്

പനങ്ങാട്ട് പത്മദളാക്ഷന്‍ എന്ന പേര് പറഞ്ഞാല്‍ എല്ലാവര്‍ക്കും ആളെ മനസിലാവണമെന്നില്ല. എന്നാല്‍ കുതിരവട്ടം പപ്പു എന്ന് പറഞ്ഞാല്‍ അറിയാത്തവരും ഉണ്ടാവില്ല. കോഴിക്കോടന്‍ ഭാഷാശൈലി തന്‍റേതായ രീതിയില്‍ കഥാപാത്രങ്ങള്‍ക്ക് പകര്‍ന്ന്, ഒപ്പം സ്വാഭാവിക അഭിനയത്തിലൂടെ നര്‍മ്മ രം​ഗങ്ങള്‍ക്ക് മറക്കാനാവാത്ത മനോഹാരിത സമ്മാനിച്ച കുതിരവട്ടം പപ്പുവിന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 26 വര്‍ഷങ്ങള്‍ തികയുന്നു. രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും ആ കസേരയില്‍ മറ്റൊരാളെ സങ്കല്‍പിക്കാന്‍ മലയാളി സിനിമാപ്രേമിക്ക് സാധിക്കുന്നില്ല എന്നത് തന്നെയാണ് ഈ അതുല്യ കലാകാരന്‍ ഉണ്ടാക്കിയ സ്വാധീനം.

പനങ്ങാട്ട് രാഘവന്റെയും ദേവിയുടെയും ആദ്യത്തെ മകനായി 1936 ൽ കോഴിക്കോടിനടുത്തുള്ള ഫറോക്കിലാണ് പത്മദളാക്ഷന്‍റെ ജനനം. നാടകവേദികളിലൂടെയാണ് കലാജീവിതത്തിന്‍റെ ആരംഭം. ഏറെ വൈകാതെ കോഴിക്കോട്ടെ നാടകലോകത്തിന്‍റെ പ്രധാനിയായി വളര്‍ന്നു. രാമു കാര്യാട്ടിന്‍റെ സംവിധാനത്തില്‍ 1963 ല്‍ പുറത്തെത്തിയ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് കുതിരവട്ടം പപ്പുവിന്‍റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. തൊട്ടു പിറ്റേ വര്‍ഷം വൈക്കം മുഹമ്മദ് ബഷീറിന്‍റെ രചനയിലും എ വിന്‍സെന്‍റിന്‍റെ സംവിധാനത്തിലും എത്തിയ ഭാര്‍​ഗവീ നിലയത്തിലെ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ആ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേര് ആയിരുന്നു കുതിരവട്ടം പപ്പു എന്നത്. സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ സമ്മാനിച്ച ആ പേര് സിനിമാലോകത്ത് പത്മദളാക്ഷന്‍റെ പേരായി മാറി. ഒരു കാലത്ത് പപ്പു ഇല്ലാത്ത ഒരു മുഖ്യധാരാ സിനിമ നിര്‍മ്മാതാക്കള്‍ക്ക് ആലോചിക്കാനാവില്ലായിരുന്നു. കാരണം അദ്ദേഹം സ്ക്രീനില്‍ എത്തുന്ന സമയം പ്രേക്ഷകര്‍ രസിക്കുമെന്ന് അവര്‍ക്ക് അത്രയും ഉറപ്പുണ്ടായിരുന്നു.

37 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 1500 ലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. അരങ്ങൊഴിഞ്ഞ് 26 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും മറ്റൊരാള്‍ക്ക് പപ്പുവിന് പകരക്കാരനാവാന്‍ സാധിക്കാത്തത് അഭിനയത്തിലെ ആ അതുല്യ ചാരുത കൊണ്ടാണ്. ഇന്നും കുതിരവട്ടം പപ്പു പറഞ്ഞ ഡയലോ​ഗുകള്‍ നിത്യജീവിത സന്ദര്‍ഭങ്ങളില്‍ നമ്മള്‍ പലപ്പോഴും ഉപയോ​ഗിക്കാറുണ്ട്. ടാസ്കി വിളിയെടാ എന്നും താമരശ്ശേരി ചുരമെന്നും അടക്കമുള്ള പ്രയോ​ഗങ്ങളും ഡയലോ​ഗുകളും ഒരിക്കലെങ്കിലും നിത്യജീവിതത്തില്‍ ഉപയോ​ഗിക്കാത്ത സിനിമാപ്രേമികള്‍ ഉണ്ടാവില്ല. കോമഡി കഥാപാത്രങ്ങള്‍ക്കൊപ്പം കനമേറിയ കഥാപാത്രങ്ങളിലൂടെയും, ലഭിച്ചത് അപൂര്‍വ്വമാണെങ്കിലും, പപ്പു ​ഗംഭീരമാക്കിയിട്ടുണ്ട്. ദി കിം​ഗിലെ കൃഷ്ണന്‍ അത്തരമൊരു കഥാപാത്രമായിരുന്നു. 2000 ല്‍ പുറത്തെത്തിയ നരസിംഹം ആയിരുന്നു പപ്പു അഭിനയിച്ച അവസാനത്തെ ചിത്രം. ഹാസ്യത്തിന്റെ ഈ കോഴിക്കോടന്‍ പ്രതിഭാസത്തെ മരണം ഒപ്പം കൂട്ടിയെങ്കിലും അദ്ദേഹം ചെയ്തുവച്ച വേഷങ്ങള്‍ക്കും പറഞ്ഞ ഡയലോഗുകള്‍ക്കും കാലം ചെല്ലും തോറും മിഴിവ് ഏറുകയാണ്.

Related Articles

Back to top button