ഇന്ന് ആർഎസ്എസ് 99 -ാമത് സ്ഥാപന ദിനം…കേരളത്തിൽ 194 കേന്ദ്രങ്ങളിൽ ആർ എസ് എസ് പഥസഞ്ചലനങ്ങൾ…
ആർഎസ്എസ് 99 -ാമത് സ്ഥാപന ദിനം കൂടിയായ വിജയദശമിയോടനുബന്ധിച്ച് നവരാത്രി, ദശമി ദിനങ്ങളിലായി കേരളത്തിൽ 194 കേന്ദ്രങ്ങളിൽ പഥസഞ്ചലനവും പൊതുസമ്മേളനങ്ങളും നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ദക്ഷിണ കേരള പ്രാന്തത്തിൽ നൂറും തൃശൂർ മുതൽ കാസർകോട് വരെയുള്ള ഉത്തര കേരള പ്രാന്തത്തിൽ 94 കേന്ദ്രങ്ങളിലുമാണ് പരിപാടികൾ.കൊച്ചി മഹാനഗർ പരിപാടി 13 ന് വൈകിട്ട് മറൈൻ ഡ്രൈവിലാണ്. ആർ എസ് എസ് അഖിലഭാരതീയ സഹശാരീരിക് പ്രമുഖ് ഒ.കെ. മോഹനൻ പ്രഭാഷണം നടത്തുന്ന പരിപാടിയിൽ ഐബി മുൻ ഡയറക്ടർ ഹരിസേനവർമ്മ അധ്യക്ഷനാകും. 12 ന് പെരുമ്പാവൂർ ഖണ്ഡ് വിജയദശമി മഹോത്സവത്തിൽ അഖില ഭാരതീയ സഹ പ്രചാരക് പ്രമുഖ് സുനിൽ കുൽക്കർണി പങ്കെടുത്തു. 12 ന് ചങ്ങനാശ്ശേരി പെരുന്നയിൽ നടക്കുന്ന പരിപാടിയിൽ ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ പങ്കെടുത്തു.13 ന് നെടുമങ്ങാട് ഖണ്ഡ് പരിപാടിയിൽ മുതിർന്ന പ്രചാരക് എസ്. സേതുമാധവനും പങ്കെടുക്കും. ആദ്ധ്യാത്മികാചാര്യന്മാരും കലാ, സാഹിത്യ, സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരും വിവിധ പരിപാടികളിൽ അദ്ധ്യക്ഷത വഹിക്കും.