പ്രവാചക സ്മരണയിൽ ഇന്ന് നബി ദിനം.. വിപുലമായ ആഘോഷങ്ങൾ..
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണയിൽ ഇസ്‍ലാം മത വിശ്വാസികൾ ഇന്നു നബിദിനം ആഘോഷിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന റാലികളും, വിവിധ കലാപരിപാടികളും നടക്കും.
ആരാധാനാലയങ്ങൾ, മദ്രസകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതാലങ്കാരം, നടത്തിയും, കൊടിതോരണങ്ങളും ഒരുക്കിയുമാണ് നബിദിനം വിശ്വാസികൾ വർണാഭമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിനത്തോട് അനുബന്ധിച്ച് റാലികളും, വിവിധ പരിപാടികളും നടന്നു.
പതിവു പ്രാർഥനകൾക്കും ആഘോഷ പരിപാടികൾക്കും പുറമേ പ്രത്യേക പ്രാർഥനാ സദസ്സുകളും സംഗമങ്ങളും ഈ വർഷം നടത്തുന്നുണ്ട്. മീലാദ് റാലി, മൗലീദ് പാരായണം, ഘോഷയാത്ര, കലാപരിപാടികൾ, അന്നദാനം തുടങ്ങിയവയും നടക്കും. സർവർക്കും ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യരെന്ന പ്രവാചക ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു.