ഇന്ന് സാർവ്വദേശീയ തൊഴിലാളി ദിനം.. അവകാശങ്ങൾക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ സ്മരണയിൽ തൊഴിലാളി വർ​ഗം….

ഇന്ന് സാർവ്വദേശീയ തൊഴിലാളി ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും സംഭാവനകളെ ആദരിക്കുന്നതിനായാണ് എല്ലാ വർഷവും മെയ് ഒന്ന് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ സ്മരണയിലാണ് ലോകമെമ്പാടുമുള്ള തൊഴിലാളികൾ മെയ് ദിനം ആചരിക്കുന്നത്.

തൊഴിലാളി ദിനത്തിന്റെ ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിൽ തൊഴിലാളികളുടെ അവകാശങ്ങളുടെ പോരാട്ടങ്ങളിൽ നിന്നാണ് തൊഴിലാളി ദിനം എന്നതിന്റെ വേരുകൾ തുടങ്ങുന്നത്. 1884ലാണ് അമേരിക്കൻ ഫെഡറേഷൻ ഓഫ് ഓർഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബർ യൂണിയനുകൾ തൊഴിലിടങ്ങളിലെ സമയം എട്ടു മണിക്കൂറാക്കി പരിഷ്‌കരിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെക്കുന്നത്. ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്ന് 1886ൽ തൊഴിലാളികൾ സംഘടിച്ചു, സമരം ചെയ്തു. ഈ സമരത്തിന്റെ അനന്തരഫലമായി കലാപം പൊട്ടിപ്പുറപ്പെട്ടു. പിന്നീട് ചിക്കാഗോയിലെ ഹേ മാർക്കറ്റ് സ്‌ക്വയറിൽ സമാധാനപരമായ ഒരു സമ്മേളനം നടത്തി പിരിഞ്ഞു പോകാൻ ശ്രമിക്കുന്നതിനിടെ ബോംബ് സ്‌ഫോടനം ഉണ്ടാവുകയും സംഘർഷം ഉണ്ടാവുകയുമാണ് ചെയ്തത്. ഹേമാർക്കറ്റ് കൂട്ടക്കൊല എന്നും ഹേ മാർക്കറ്റ് കലാപം എന്നും ഈ സംഘർഷം അറിയപ്പെട്ടു. തൊഴിലാളികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. രക്തച്ചൊരിച്ചിലുണ്ടായി. ഈ കലാപം ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഇളക്കി മറിച്ചു. ലോകത്തെ ഞെട്ടിച്ച ഈ കലാപം ആണ് പിന്നീട് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നതിലേയ്ക്ക് എത്തിച്ചത്.

തൊഴിലാളി പ്രസ്ഥാനത്തെയും ഹേ മാർക്കറ്റ് സംഭവത്തെയും ബഹുമാനിക്കുന്നതിന്റെയും ഭാഗമായി അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസ് 1899ൽ മെയ് 1 തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു. ഒരു വർഷത്തിന് ശേഷം 1890ലാണ് ഔദ്യോഗികമായി ആദ്യ തൊഴിലാളി ദിനം ആചരിക്കുന്നത്.

തൊഴിലാളി ദിനത്തിന്റെ പ്രാധാന്യം

രാഷ്ട്രനിർമാണത്തിന് തൊഴിലാളികൾ കഠിനാധ്വാനത്തിലൂടെ ഗണ്യമായ സംഭാവനകളാണ് നൽകിയത്. തൊഴിലാളികളുടെ കഠിനാധ്വാനം തിരിച്ചറിയുക മാത്രമല്ല, അവരുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കുകയും ചൂഷണത്തിൽ നിന്ന് അവരെ രക്ഷിക്കുകയും ചെയ്യുക കൂടിയാണ് തൊഴിലാളി ദിനം ലക്ഷ്യമിടുന്നത്. തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്നതിനും അവരുടെ പുരോഗതി കൈവരിക്കുന്നതിനുമുള്ള പ്രചോദനം നൽകുക എന്നതും ലക്ഷ്യമിടുന്നു.

ആഘോഷങ്ങൾ

പല രാജ്യങ്ങളിലും തൊഴിലാളി ദിനം പൊതു അവധിയാണ്. തൊഴിലാളികളുടെ നേട്ടങ്ങളും സംഭാവനകളും ഉയർത്തിക്കാട്ടുന്നതിനായി നിരവധി പരിപാടികളും സെമിനാറുകളും ഈ ദിനം സംഘടിപ്പിക്കുന്നു. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന മെയ്ദിന റാലിയാണ് ഇന്ത്യയിൽ പ്രധാന പരിപാടി.വിവിധ കേന്ദ്രങ്ങളിൽ മെയ്ദിന റാലി സംഘടിപ്പിക്കും. തൊഴിലാളികളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും ബോധവൽക്കരിക്കാൻ പോസ്റ്ററുകളും ബാനറുകളും ഉയർത്താറുണ്ട്.

Related Articles

Back to top button