‘കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കരുത്’.. ടിപി വധക്കേസിലെ ഒന്നാം പ്രതി ടികെ രജീഷിന് പരോള്‍..
ടി പി വധക്കേസിലെ ഒന്നാം പ്രതി ടികെ രജീഷിന് പരോള്‍. പതിനഞ്ചുദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. രണ്ടുദിവസം മുന്‍പ് രജീഷ് വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷിക്കപ്പെട്ട ശേഷം ആദ്യമായാണ് ടിപി രജീഷിന് പരോള്‍ ലഭിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ് പരോള്‍.
ടിപി കേസിലെ പ്രതികളായ കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. ‘തന്തൂരി ചിക്കന്‍, ലേറ്റസ്റ്റ് സ്മാര്‍ട്ട് ഫോണ്‍… ഇനി സര്‍ക്കാരിനോട് ഒന്നേ പറയാനുള്ളൂ, ചൂട് കാലമൊക്കെ അല്ലേ കൊടിസുനിയുടെ മുറി ഒന്ന് എയര്‍കണ്ടീഷന്‍ കൂടി ചെയ്ത് കൊടുക്കണം. ടിപി വധത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത സിപിഎം നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന ഭയമാണ് സര്‍ക്കാരിന്. അതുകൊണ്ടാണ് സുനി ചോദിക്കുന്ന സൗകര്യങ്ങള്‍ കേരളത്തെ മുഴുവന്‍ അപമാനിച്ച് സര്‍ക്കാര്‍ നല്‍കുന്നത്’- വിഡി സതീശന്‍ പറഞ്ഞു.
തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്. സംഘത്തില്‍ ടിപി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജുമുണ്ടായിരുന്നു. പ്രതികള്‍ക്ക് അകമ്പടി പോയ എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സസ്പെന്‍ഡ് ചെയ്തിരുന്നു.