കെ എസ് ആര്‍ ടി സി വര്‍ക്ക് ഷോപ്പില്‍ ടയര്‍ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും കത്തിച്ചു… സമീപവാസികള്‍ക്ക് വിഷപ്പുക ശ്വസിച്ച്…..

ആനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് ആര്‍ ടി സി വര്‍ക്ക് ഷോപ്പിലാണ് ടയര്‍ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും കൂട്ടിയിട്ട് കത്തിച്ചത്. മാലിന്യത്തില്‍ നിന്ന് ഉയര്‍ന്ന വിഷപ്പുക ശ്വസിച്ച് സമീപവാസികള്‍ക്കും ആശുപത്രിയിലെ രോഗികള്‍ക്കും യാത്രക്കാർക്കും ശ്വാസ തടസ്സവും ബുദ്ധിമുട്ടുണ്ടായി. ദിവസങ്ങളായി കെ എസ് ആര്‍ ടി സി വര്‍ക്ക്‌ഷോപ്പിന്റെ ഒരു ഭാഗത്തായി ടയര്‍ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും കൂട്ടിയിട്ട് കത്തിക്കുകയാണ്.

ഇന്നലെ മഴ പെയ്തുകൊണ്ടിരിക്കുന്ന സമയത്ത് വീണ്ടും കത്തിച്ചതാണ് പ്രദേശവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയത്. തുടർന്ന് പ്രദേശവാസികള്‍ ക്ഷുഭിതരായി കെ എസ് ആര്‍ ടി സി ജീവനക്കാരുമായി വാക്കേറ്റവുമുണ്ടായി. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ 100 മീറ്ററിനുള്ളിലാണ് ആനപ്പാറ സർക്കാര്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. മാലിന്യത്തില്‍ നിന്ന് ഉയര്‍ന്ന വിഷപ്പുക ശ്വസിച്ച് ആശുപത്രിയിലെ കിടപ്പു രോഗികള്‍ക്ക് ഉൾപ്പെടെ നിരവധി പേര്‍ക്ക് ശ്വാസതടസ്സവും ബുദ്ധിമുട്ടുമുണ്ടായി. വര്‍ക്ക്ഷോപ്പ് മാലിന്യം സുരക്ഷിതമായ മറ്റേതെങ്കിലും സ്ഥലങ്ങളില്‍ കൊണ്ടുപോയി കത്തിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഇനി വീണ്ടും ഇവിടെ മാലിന്യം കത്തിച്ചാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button