കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ടൈലുകൾ പൊട്ടിത്തെറിച്ചു.. 18-ാം വാർഡ് പൂർണമായും അടച്ചുപൂട്ടി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ടൈലുകൾ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പടർത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി വിഭാഗത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന 18–ാം വാർഡായ ഇഎൻടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയിൽ പാകിയിരുന്ന ടൈലുകളാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. രാത്രി പത്തരയോടെയാണ് സംഭവം. ഈ സമയത്ത് ഏകദേശം ഇരുപതോളം പേർ വാർഡിലുണ്ടായിരുന്നു.
ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. അപ്രതീക്ഷിത ശബ്ദം കേട്ട് രോഗികളും കൂട്ടിരിപ്പുകാരും വാർഡിൽ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. വിവരം ലഭിച്ച ഉടൻ സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തി എല്ലാവരെയും ഒപി വിഭാഗത്തിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി. കെട്ടിടത്തിന് ഘടനാപരമായ തകരാറുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് സുരക്ഷ ശക്തമാക്കിയതോടൊപ്പം വിശദമായ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.
തുടർന്ന് 18-ാം വാർഡിലെ രോഗികളെ പുതിയ കാഷ്വൽറ്റി കെട്ടിടത്തിന്റെ നാലാം നിലയിലെ മറ്റ് വാർഡുകളിലേക്ക് മാറ്റി. ഇതിനിടെ 18-ാം വാർഡ് പൂർണമായും അടച്ചുപൂട്ടി. അറ്റകുറ്റപ്പണികൾക്കായി വാർഡ് അടയ്ക്കാനും, അവിടെ ചികിത്സയിൽ ഉണ്ടായിരുന്നവരെ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റാനും നേരത്തേ തന്നെ തീരുമാനം എടുത്തിരുന്നതായും അധികൃതർ വ്യക്തമാക്കി.
1975 കാലഘട്ടത്തിൽ നിർമിച്ച ഒപി ബ്ലോക്ക് ആശുപത്രിയിലെ പഴയ കെട്ടിടങ്ങളിൽ ഒന്നാണ്. ഇതോടൊപ്പം നിർമിച്ചിരുന്ന സർജിക്കൽ ബ്ലോക്കിലെ ഒരു കെട്ടിടം കഴിഞ്ഞ ജൂലൈ 3-ന് ഇടിഞ്ഞുവീണ് ഒരാൾ മരിച്ച സംഭവത്തെ തുടർന്ന് പൊളിക്കുന്നതിനായി അടച്ചിട്ടിരിക്കുകയാണ്. സംഭവമറിഞ്ഞ് ആർഎംഒ ഡോ. സാം ക്രിസ്റ്റി മാമ്മൻ രാത്രി തന്നെ ആശുപത്രിയിലെത്തി രോഗികളെ മാറ്റുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി



