ടിക്ടോക്കർ മരിച്ച നിലയിൽ.. നിർബന്ധിത വിവാഹത്തിന് വിസമ്മതിച്ചപ്പോൾ വിഷം കൊടുത്ത് കൊന്നു….
ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററായ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ വീട്ടിലാണ് സുമീറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർബന്ധിത വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയവർ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് സുമീറയുടെ മകളുടെ ആരോപണം. പ്രതികൾ സുമീറയ്ക്ക് വിഷ ഗുളിക നൽകിയെന്നും അതാണ് അവളുടെ മരണത്തിലേയ്ക്ക് നയിച്ചതെന്നും 15 കാരിയായ മകൾ പറയുന്നു.
സിന്ധിലെ ഘോട്കി ജില്ലയിൽ നടന്ന സംഭവം ലിംഗവിവേചനത്തിൻ്റെ ഭാഗമായി നടക്കുന്ന കൊലപാതകങ്ങളെയും നിർബന്ധിത വിവാഹങ്ങളെയും സംബന്ധിച്ച് ആശങ്ക ഉണർത്തുന്നതാണെന്നാണ് റിപ്പോർട്ട്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. സുമീറയുടെ മകളുടെ ആരോപണം ഘോട്കി ജില്ലാ പോലീസ് ഓഫീസർ അൻവർ ഷെയ്ഖ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.