കെസിഎ പ്രസിഡന്റ്‌സ് കപ്പ്: ടൈഗേഴ്‌സിനും ഈഗിള്‍സിനും വിജയം…
ആലപ്പുഴ : കെസിഎ പ്രസിഡന്റ്‌സ് കപ്പിൽ ടൈഗേഴ്‌സിന് തുടർച്ചയായ രണ്ടാം വിജയം. കരുത്തരായ റോയൽസിനെ 44 റൺസിനാണ് ടൈഗേഴ്‌സ് കീഴടക്കിയത്. മറ്റൊരു മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പാന്തേഴ്‌സിനെ നാല് റൺസിന് തോൽപിച്ച് ഈഗിൾസും ടൂർണമെന്റിലെ രണ്ടാം വിജയം കുറിച്ചു. ബാറ്റർമാർ കരുത്ത് കാട്ടിയ മത്സരത്തിൽ പാന്തേഴ്‌സിനെതിരെ ഈഗിൾസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. പതിവ് പോലെ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞ വിഷ്ണുരാജിന്റെ പ്രകടനം ഈഗിൾസിന് വേഗതയാർന്ന തുടക്കം നൽകി. വിഷ്ണുരാജ് 26 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്‌സും അടക്കം 40 റൺസെടുത്തു.
മധ്യനിരയിൽ മുഹമ്മദ് കൈഫിന്റെയും അക്ഷയ് മനോഹറിന്റെയും പ്രകടനവും ഈഗിൾസിന് മുതൽക്കൂട്ടായി. കൈഫ് 30 പന്തുകളിൽ നിന്ന് 61 റൺസും അക്ഷയ് മനോഹർ 12 പന്തുകളിൽ നിന്ന് 34 റൺസും നേടി. പാന്തേഴ്‌സിന് വേണ്ടി ഗോകുൽ ഗോപിനാഥ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്‌സിന് തകർത്തടിച്ച വത്സൽ ഗോവിന്ദ് മികച്ച തുടക്കം നൽകി. 52 പന്തുകളിൽ ആറ് ഫോറും നാല് സിക്‌സും അടക്കം വത്സൽ ഗോവിന്ദ് 80 റൺസ് നേടി. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മധ്യനിരയിൽ ഒറ്റയ്ക്ക് പൊരുതിയ ക്യാപ്റ്റൻ അബ്ദുൾ ബാസിദിന്റെ പ്രകടനവും ശ്രദ്ധേയമായി.