ത്രോബോൾ മത്സരത്തിനിടെ പന്ത് പതിച്ചത് പാചകപ്പുരയിൽ; ഗ്രൗണ്ടിലെ ചുറ്റുവേലിക്കിടയിലൂടെ ടേപ്പ് കടത്തി അളന്ന് ഒഫീഷ്യൽസ്…
എറണാകുളം: സംസ്ഥാന സ്‌കൂൾ കയികമേളയുടെ ആവേശത്തിലാണ് സംസ്ഥാനം. ഇത്തവണ കായികമേളയിൽ ഭിന്നശേഷി വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്. അതിനിടയിൽ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 14 വയസ്സിന് താഴെയുള്ള ഭിന്നശേഷി വിദ്യാർഥികളുടെ ത്രോബോൾ മത്സരമാണ് വാർത്തയിൽ ഇടം നേടിയത്.
മത്സരത്തിൽ പങ്കെടുത്ത ഇടുക്കിയുടെ ജനറൽ താരം ഗജാനന്ദ് സാഹു എറിഞ്ഞ പന്ത് ചെന്ന് വീണത് ഗ്രൗണ്ടിന് പുറത്ത് കായിക താരങ്ങൾക്ക് ഭക്ഷണം വിളമ്പുന്ന പാചകപ്പുരയിലാണ്. ഇതോടെ മീറ്റിൽ ഒഫീഷ്യൽസ് എങ്ങനെ ഇത് അളക്കും എന്ന് അറിയാൻ കഴിയാതെ തലയിൽ കൈവച്ചു. എറിഞ്ഞു പോയതുകൊണ്ട് അളക്കാതിരിക്കാൻ പറ്റുമോ, അതുമില്ല. ഒടുവിൽ ഗ്രൗണ്ടിലെ ചുറ്റുവേലിക്കിടയിലൂടെ ടേപ്പ് കടത്തി അളന്നു. 41 മീറ്റർ എന്ന് കണ്ടെടുക്കുകയും ചെയ്തു.
എന്നാൽ ഇനിയും ഈ കുട്ടി ഇങ്ങനെ തന്നെ എറിഞ്ഞാൽ എന്ത് ചെയ്യുമെന്നാണ് ഒഫീഷ്യൽ വിചാരിച്ചത്. അതോടെ തന്നെ ത്രോ സെക്ടർ മാറ്റാൻ തീരുമാനിച്ചു ഗ്രൗണ്ടിൽ തന്നെ ഏറ്റവും കൂടുതൽ ദൂരം അറിയാൻ കഴിയുന്ന തരത്തിലാണ് ഇത് വീണ്ടും ക്രമീകരിച്ചത്
ഇൻക്ലൂസീവ് സ്പോർട്സ് താരങ്ങൾ ഇത്രയൊക്കെ ദൂരമേ എറിയാൻ സാധ്യതയുള്ളൂ എന്ന മുൻവിധിയാണ് സംഘാടകർക്ക് തിരിച്ചടിയായത്. കൂട്ടത്തിൽ ഒരു ജനറൽ വിദ്യാർഥി കൂടി ഉണ്ടെന്ന കാര്യം അവർ മറന്നതുമാകാം.