തൃശൂര്‍ പൂരം കലക്കൽ…ഗൂഢാലോചന അന്വേഷിക്കുന്ന എസ്ഐടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു….
തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ (എസ്ഐടി) ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് തൃശൂർ ടൗൺ പൊലീസ് കേസെടുത്തത്. കേസെടുത്തെങ്കിലും ആരെയും പ്രതിചേർത്തിട്ടില്ല. വിവിധ പരാതികളുടേയും റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്നായിരുന്നു പരാതി. ഇന്ന് കൊടുത്ത പരാതിയിലാണ് ഇന്ന് തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടും കേസെടുക്കാത്തത് വിവാദമായിരുന്നു. പൂരം കലക്കലിലെ അന്വേഷണവും എങ്ങുമെത്തിയില്ലെന്നെ വിമർശനങ്ങൾക്കൊടുവിലാണ് പെട്ടെന്ന് പരാതിയും കേസുമെടുത്തത്. പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി നിസാരവൽക്കരിക്കുമ്പോഴാണ് പൊലീസ് ഗൂഡാലോചനയിൽ കേസെടുക്കുന്നത്.തിരുവമ്പാടി ദേവസ്വത്തെ സംശയത്തിന്‍റെ നിഴലാക്കുന്നതായിരുന്നു തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്. തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കാതിരിക്കാനാണ് പൊതുവായ പരാതിയിൽ പൊലീസ് കേസെടുത്തത്.




