ഒപ്പം താമസിച്ചിരുന്ന യുവതിയെ കുത്തിയ കേസ്.. പുലർച്ചെ പൊലീസ് സ്റ്റേഷനിലെത്തി മാർട്ടിൻ ജോസഫ്..
പേരാമംഗലത്ത് യുവതിയെ കുത്തി പരിക്കേൽപിച്ച കേസിലെ പ്രതി തൃശൂർ പുറ്റേക്കര സ്വദേശിയായ മാർട്ടിൻ ജോസഫ് കീഴടങ്ങി. പേരാമംഗലം പൊലീസ് സ്റ്റേഷനിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പ്രതിയെത്തിയത്. കുത്തേറ്റ മുളങ്കുന്നത്തുക്കാവ് സ്വദേശി ശാർമിള (26) ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു. അഭിപ്രായ ഭിന്നതയാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വെച്ച് മട്ടന്നൂർ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലും മാർട്ടിൻ പ്രതിയാണ്.
തൃശ്ശൂർ അടാട്ടുള്ള ഫ്ലാറ്റിൽ ഇന്നലെ രാവിലെയാണ് ശാർമിളയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശാർമിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അക്രമത്തിന് ശേഷം ഒളിവിൽ പോയ മാർട്ടിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് ഇയാൾ കടന്നതായാണ് ആദ്യം പൊലീസ് കരുതിയത്. ഈ നിഗമനത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പുലർച്ചെ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയത്.