‘ദാമ്പത്യം മനോഹരമാക്കാൻ ക്ലാസും കൗൺസിലിംഗും’.. ഒടുവിൽ തമ്മിലടിച്ച് ഇൻഫ്ലുവൻസർ ദമ്പതികൾ..

ചാലക്കുടിയിൽ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മില്‍ തല്ലി. ഫിലോക്കാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരായ ജിജി മാരിയോയും ഭര്‍ത്താവ് മാരിയോ ജോസഫുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഭാര്യയുടെ പരാതിയില്‍ മാരിയോക്കെതിരെ പൊലീസ് കേസെടുത്തു.
ഇരുവരും ഒമ്പത് മാസമായി പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ 25-ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ജിജി മാരിയോയ്ക്കടുത്തെത്തിയിരുന്നു. സംസാരത്തിനിടെ ഇയാള്‍ മര്‍ദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇടതു കയ്യില്‍ കടിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.വഴക്കിനിടയിൽ മാരിയോ ജോസഫ് ടിവിയുടെ സെറ്റ് അപ് ബോക്സ് എടുത്ത് തലയ്ക്ക് അടിക്കുകയും കയ്യിൽ കടിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. വഴക്കിനിടെ തന്‍റെ 70,000 രൂപയുടെ മൊബൈൽ നശിപ്പിച്ചെന്നും ജിജി ചാലക്കുടി പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. ബിഎൻഎസ് 126 (2) പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഫിലോക്കാലിയ ഫൗണ്ടേഷൻ വഴി ആത്മീയ സേവനങ്ങളിലും ധ്യാന പരിപാടികളിലും സജീവമായിരുന്ന ഈ ദമ്പതികൾ മുമ്പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആത്മീയ ജീവിതത്തിന്റെയും ദൈവാനുഭവങ്ങളുടെയും കഥകൾ പങ്കുവച്ചവരായിരുന്നു.എന്നാൽ ഇപ്പോൾ, ഈ വ്യക്തിപരമായ തർക്കം സാമൂഹ്യ മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും വ്യാപകമായി ചർച്ചയാകുകയാണ്.



