വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു.. സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രവർത്തകർ….
രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ലെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. പ്രകടന പത്രികയില്‍ വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കരുവന്നൂര്‍ സഹകരണബാങ്കിലെ ക്രമക്കേടിന് കാരണക്കാര്‍ ജില്ലാ നേതൃത്വമാണെന്നും വിമർശനമുണ്ട്.കരുവന്നൂര്‍ വിഷയത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ സിപിഐഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
കരുവന്നൂരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടിട്ടും നേതൃത്വം ഇടപെട്ടില്ല. ജില്ലാ നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടക്കില്ലായിരുന്നു. നേതൃത്വത്തിന്റെ മൗനം കരുവന്നൂരില്‍ ദുരന്തം സൃഷ്ടിച്ചു. ഇ ഡിക്കെതിരെ കടുത്ത നിലപാടെടുക്കുന്നതില്‍ ജില്ലാ നേതൃത്വം പരാജയപ്പെട്ടു. മിണ്ടാതിരുന്നതിലൂടെ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിന് വളം വച്ചു കൊടുത്തു. ഇ ഡി രാഷ്ട്രീയ വേട്ട തുടങ്ങിയപ്പോള്‍ തന്നെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമായിരുന്നു. പ്രക്ഷോഭത്തിന് പകരം പാര്‍ട്ടി നേതൃത്വ തീര്‍ത്തും മൗനം പൂണ്ടുവെന്നും വിമര്‍ശനമുയര്‍ന്നു.