ദേഹത്ത് ചുവന്ന മഷിയൊഴിച്ച് ഡെസ്‌കിൽ കയറി പ്രതിഷേധം; തൃശ്ശൂർ കോർപ്പറേഷനിൽ കൂട്ട സസ്പെൻഷൻ…
തലയിലും ദേഹത്തും ചുവന്നമഷിയൊഴിച്ച് ഡെസ്‌കില്‍ കയറി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലെ യോഗത്തിനിടെയാണ് നാടകീയ രംഗങ്ങളുണ്ടായത്. ഇതേത്തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂട്ട സസ്പെന്‍ഷന്‍ ലഭിച്ചു. പ്രതിഷേധത്തിന് നേതൃത്വംനല്‍കിയ പ്രതിപക്ഷ കക്ഷി നേതാവ് രാജന്‍ ജെ. പല്ലന്‍ രാജിവെയ്ക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.
നഗരമധ്യത്തിലെ എം.ജി. റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിച്ച ബൈക്കില്‍ ബസ്സിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്. ഇതിനിടെ ഡെസ്‌കില്‍ കയറിയ ആളെ മേയര്‍ സസ്പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ചു. ഇത് കേട്ടയുടന്‍ കുറച്ചുപേര്‍ക്കൂടി ഡെസ്‌കില്‍ കയറി. അതോടെ 10 പേരെക്കൂടി സസ്പെന്‍ഡ് ചെയ്തു. പിന്നാലെ ബാക്കി പ്രതിപക്ഷ കൗണ്‍സിലര്‍മാരും ഡെസ്‌ക്കില്‍ കയറുകയായിരുന്നു.
പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷംപേരെയും അടുത്ത മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ കൗണ്‍സിലിനെ അപമാനിച്ച പ്രതിപക്ഷകക്ഷി നേതാവ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ കൗണ്‍സിലര്‍മാരും ബഹളംവെച്ചു.