കുട്ടികളുമായി പോകുന്നതിനിടെ സഹദേവന് ശാരീരിക അസ്വസ്ഥത..പെട്ടന്ന് സ്കൂൾ ബസ് ഒതുക്കി നിർത്തി.. പിന്നാലെ…
ആരോഗ്യം മോശമായി തനിക്കെന്തോ സംഭവിക്കുന്നുവെന്ന് മനസിലാക്കി വണ്ടിയിലെ കുരുന്നുകളുടെ ജീവിതം സുരക്ഷിതമാക്കി ജീവൻ വെടിഞ്ഞ് സ്കൂൾ ഡ്രൈവർ. തൃശൂർ ജില്ലയിലെ മാളയിലാണ് സംഭവം. മാള കുരുവിലശ്ശേരി സ്വദേശിയും സ്കൂൾ ബസ് ഡ്രൈവറുമായ സഹദേവനാണ് കുഴഞ്ഞുവീണ് മരിച്ചത്. ഉടനെ തന്നെ സഹദേവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവസാന നിമിഷവും ബസിലെ കുരുന്നുകളുടെ ജീവൻ രക്ഷിച്ച സഹദേവന്‍റെ വിയോഗത്തിൽ വിതുമ്പുകയാണ് നാട്.
പൂപ്പത്തി സരസ്വതി വിദ്യാലയത്തിലെ ബസ് ഡ്രൈവറാണ് സഹദേവൻ. ഇന്നലെ വൈകിട്ട് നാല് മണിക്കാണ് സംഭവം നടന്നത്. കുട്ടികളുമായി പോകുന്നതിനിടെ സഹദേവന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ അപകടമില്ലാത്ത വിധത്തിൽ വാഹനം നിർത്തി കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കി. പിന്നാലെയാണ് സഹദേവൻ കുഴഞ്ഞ് വീണ് മരണത്തിന് കീഴടങ്ങിയത്.
സഹദേവനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് വേണ്ടി വാഹനത്തിൽ ഉണ്ടായിരുന്ന സ്കൂൾ ജീവനക്കാരി സമീപത്തെ വീട്ടുകാരെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ല. തുടർന്ന് അടുത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരാണ് സഹദേവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ചത്. ഒരു കാറിൽ സഹദേവനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 മിനിറ്റോളം സഹദേവൻ ബസ്സിൽ തന്നെ കിടക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഒടുവിൽ ബസ്സിൽ ഉണ്ടായിരുന്ന ഒമ്പത് വിദ്യാർത്ഥികളുടെയും, ജീവനക്കാരിയുടെയും ജീവൻ രക്ഷിച്ച് സഹദേവൻ മരണത്തിന് കീഴടങ്ങി.