വീട്ടുമുറ്റത്തെ വെള്ളം നിറഞ്ഞ ടാങ്കിൽ മൂന്നു വയസുകാരൻ വീണ് മരിച്ചു

ചിറ്റാരിക്കാൽ സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസ്സുള്ള മകൻ കർണാടകയിലെ ഹാസനിൽ വെള്ളം നിറഞ്ഞ ടാങ്കിൽ വീണ് മരിച്ചു. ചിറ്റാരിക്കാൽ കാനാട്ട് രാജീവ്, ഒഫീലിയ ദമ്പതികളുടെ മകൻ ഐഡൻ സ്റ്റീവ് (3) ആണ് മരിച്ചത്. രാജീവ് ഹാസനിലെ സ്കൂളിൽ പ്രധാന അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബ സമേതം ഹാസനിലെ വീട്ടിലായിരുന്നു താമസം.
തിങ്കളാഴ്ച വൈകിട്ട് വീട്ടുമുറ്റത്തെ ടാങ്കിലെ വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: ഓസ്റ്റിൻ. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ചിറ്റാരിക്കാലിലെത്തിച്ച് രാത്രി തോമാപുരം സെയ്ന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.




