കൊല്ലത്ത് മൊബൈൽ കടയിൽ കവർച്ച നടത്തിയ മൂന്ന് പ്രതികൾ പിടിയിൽ….

കൊല്ലം: കൊല്ലം ചടയമംഗലത്ത് മൊബൈൽ കടയിൽ കവർച്ച നടത്തിയ മൂന്ന് പ്രതികൾ പിടിയിൽ. കല്ലമ്പലം പുതുശേരിമുക്ക് സ്വദേശികളായ അൽ അമീൻ, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ആഷിഖ് എന്നിവരാണ് പിടിയിലായത്. അമ്പത് ഫോണുകളും മൂന്ന് ലാപ്പ് ടോപ്പുമാണ് സംഘം കവർന്നത്. ചടയമംഗലം പോരേടം റോഡിൽ പ്രവർത്തിക്കുന്ന കടയിൽ ആയിരുന്നു മോഷണം.

4 പേരടങ്ങിയ കവർച്ചാ സംഘത്തിലെ രണ്ട് പേർ കടയുടെ പിൻഭാഗം തകർത്ത് അകത്ത് കയറി. തുടർന്ന് 50 മൊബൈൽ ഫോണുകൾ എടുത്ത് ചാക്കിൽ നിറച്ചു. 3 ലാപ്ടോപ്പും കവർന്നു. മുഖം മറച്ചാണ് പ്രതികൾ എത്തിയത്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി.ജെസീർ, കല്ലമ്പലം പുതുശേരിമുക്ക് സ്വദേശികളായ അൽഅമീൻ, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ആഷിഖ് എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു.

കാറിലും ബൈക്കിലുമായാണ് ഇവർ കവർച്ചയ്ക്ക് എത്തിയത്. മോഷണ ശേഷം വാഹനം മാറി മാറി കയറി രക്ഷപ്പെട്ടു. പഴുതടച്ച അന്വേഷണത്തിലൂടെ 3 പ്രതികളെ കല്ലമ്പലത്തെ വീടുകളിൽ നിന്ന് പിടികൂടി. നാലാമനായ ജെസീറിനെ കണ്ടെത്താനായില്ല. മോഷണ മുതലുകൾ കൂടുതലും ചെന്നൈയിലാണ് പ്രതികൾ വിറ്റതെന്നും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികൾക്കും ജാമ്യം ലഭിച്ചു.

Related Articles

Back to top button