ഇത് അപൂർവ്വ നിമിഷം! മാന്നാർ പൊലീസ് സ്റ്റേഷനിൽ ഒരേ ദിവസം വിരമിച്ചത് മൂന്ന് എസ്ഐമാർ..
മാന്നാർ: മൂന്ന് പതിറ്റാണ്ടോളം ക്രമസമാധാന പാലനം നിർവഹിച്ച മൂന്ന് എസ്ഐമാർ മാന്നാർ പൊലീസ് സ്റ്റേഷനിൽ നിന്നും ഇന്ന് ഔദ്യോഗിക ജീവിതത്തിന്‍റെ പടിയിറങ്ങി. സബ് ഇൻസ്പെക്ടർമാരായ ഗിരീഷ് കുമാർ വി. ജി, അനിരുദ്ധൻ ടി. ഡി, അജി വി. പണിക്കർ എന്നിവരാണ് ആലപ്പുഴ ജില്ലയിലെ മാന്നാർ പൊലീസ് സ്റ്റേഷനിൽ നിന്നും ഇന്നലെ വിരമിച്ചത്. 33 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം വിരമിച്ച തിരുവല്ല പൊടിയാടി സ്വദേശിയായ ഗിരീഷ് കുമാറിന്റെ പിതാവ് വി. എൻ ഗോപിനാഥൻ നായരും 1999 മേയ് 31ന് എഎസ്ഐ ആയി വിരമിച്ചതും മാന്നാർ പൊലീസ് സ്റ്റേഷനിൽ നിന്നായിരുന്നു.
കറ്റാനം പള്ളിക്കൽ സ്വദേശിയായ എസ്ഐ അനിരുദ്ധൻ 31 വർഷത്തെ സർവീസിനു ശേഷവും കറ്റാനം വെട്ടിക്കോട് സ്വദേശിയായ എസ്ഐ അജി വി. പണിക്കർ 30 വർഷത്തെ സർവീസിനു ശേഷവുമാണ് വിരമിച്ചത്. യാത്രയപ്പ് സമ്മേളനം ചെങ്ങന്നൂർ ഡി. വൈ. എസ്. പി ബിനുകുമാർ ഉദ്ഘാടനം ചെയ്തു. മാന്നാർ പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ രജീഷ് കുമാർ. ഡി ചടങ്ങിൽ അധ്യക്ഷനായി.
മാന്നാർ പൊലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറിപ്പോകുന്ന എസ്ഐ അഭിരാം സി. എസ്, വനിത എ. എസ്ഐ സ്വർണ രേഖ, സാജിദ്, ഹരിപ്രസാദ്, ശ്രീനാഥ്, മനേഷ് മോഹൻ, മനേക്ഷ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എ. എസ്ഐ ഷമീർ, എസ്. സി. പി. ഒ സാജിദ്, സി. പി. ഒ ശ്യാം, ഹോം ഗാർഡ് രമേശ് എന്നിവർ സംസാരിച്ചു. പ്രൊബേഷൻ എസ്ഐ ജോബിൻ ജെ. ആർ സ്വാഗതവും ഗ്രേഡ് എ. എസ്ഐ സജി വർഗീസ് നന്ദിയും പറഞ്ഞു.