താമരശ്ശേരിയ്ക്ക് സമീപം പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലുണ്ടായ തീപിടിത്തം; അപകടത്തിന് കാരണം…

താമരശ്ശേരിയ്ക്ക് സമീപം പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലുണ്ടായ തീപിടിത്തം പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിച്ചതുമൂലമെന്ന് സംശയം. പ്ലാന്റും കെട്ടിടവും പിക്കപ്പ് വാനും തീപിടിത്തത്തിൽ കത്തിനശിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. തീപ്പിടത്തമുണ്ടാകുന്ന സമയത്ത് ഫാക്ടറിയിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. പല സ്ഥലങ്ങളിൽ നിന്നായി മാലിന്യങ്ങൾ എത്തിച്ച് സംസ്കരിക്കുന്ന ഇടമായിരുന്നു അത്.
ദേശീയപാതയ്ക്കരികിൽ പ്രവർത്തിക്കുന്ന എം ആർ എം എക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി റോഡിൽ നിന്നും ആരോ പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് അഗ്നിശമന സേനയുടെ അടക്കം പ്രാഥമിക നിഗമനം.
പ്ലാന്റിനു മുന്നിൽ വെച്ച് പടക്കം പൊട്ടിച്ചതായി സമീപത്തു താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും പറഞ്ഞിരുന്നു. വിശദമായ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്ന് അധികൃതർ പറഞ്ഞു. കോഴിക്കോട്, വെള്ളിമാട്കുന്ന്, മുക്കം, നരിക്കുനി എന്നിവടങ്ങളിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ പൂർണമായി അണച്ചത്.
ഇതിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലും തീപ്പിടിച്ചിരുന്നു. വിശദമായ പരിശോധനകൾക്ക് ശേഷമേ തീപിടിത്തത്തിന്റെ കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.




