കറാച്ചിയിൽ കുടുങ്ങിയ മൂന്ന് മലയാളികൾ നാട്ടിലേക്ക്…നാളെ കൊച്ചിയിലെത്തും…

തിരുവനന്തപുരം: പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികളെ നാളെ നാട്ടിലെത്തിക്കും. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന്‍, മകള്‍ സ്മൃതി മേനോന്‍ (3) എന്നിവരെ നാളെ പുലർച്ചെ കൊച്ചിയിൽ എത്തും. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ പൗരന്മാരാണ് കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്.
കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ സംഘര്‍ഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. മലയാളികളായ യാത്രക്കാര്‍ കുവൈറ്റിൽ നിന്നുള്ള ലോക കേരള സഭ അംഗം മണിക്കുട്ടൻ എടക്കാട്ട്വഴി നോര്‍ക്ക റൂട്ട്സിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ഏകോപിപ്പിച്ചിട്ടുണ്ട്. ഇവര്‍ പാകിസ്ഥാനില്‍ നിന്നും വിമാനമാര്‍ഗ്ഗം ഇന്ന് ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തും. അര്‍ദ്ധരാത്രി 12.30 ന് ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ദില്ലിയിലേയ്ക്ക് തിരിക്കും. നാളെ പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയിലെത്തും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.



