സാന്ദ്ര തോമസിനെതിരായ ഭീഷണി സന്ദേശം…നടപടിയെടുത്ത് ഫെഫ്ക…
കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെതിരായ ഭീഷണി സന്ദേശത്തില്‍ നടപടിയെടുത്ത് ഫെഫ്ക. ഫെഫ്കയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിൽ നിന്ന് റെനി ജോസഫിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജനറൽ സെക്രട്ടറി ഷിബു ജി സുശീലനാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. മാർച്ച് മാസത്തിൽ സന്ദേശം ഗ്രൂപ്പിലിട്ടപ്പോൾ തന്നെ റെനിയെ താക്കീത് ചെയ്തിരുന്നെന്നും സംഘടന അറിയിച്ചു.
തനിക്കെതിരെ ഉണ്ടായ കൊലവിളി സന്ദേശത്തിൽ കേസെടുത്തെങ്കിലും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയുമായി സാന്ദ്ര തോമസ് രംഗത്തെത്തിയിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനെതിരെ കേസെടുത്തെങ്കിലും ഫെഫ്ക ജനറൽ സെക്രട്ടറിയുടെ സ്വാധീനം മൂലമാണ് തുടർ നടപടികൾ ഉണ്ടാകാത്തതെന്നാണ് സാന്ദ്രയുടെ ആക്ഷേപം. ഡിജിപിക്ക് പരാതി നൽകുമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും സാന്ദ്ര പറഞ്ഞു.
സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെ ഓൺലൈൻ ചാനലിലൂടെ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് റെനി ജോസഫ് ആദ്യം സാന്ദ്രയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പിന്നാലെ കമ്മീഷണർക്ക് സാന്ദ്ര പരാതി നൽകി. അതിന് ശേഷമാണ് 400 അംഗങ്ങളുള്ള ഫെഫ്കയുടെ വാട്സാപ്പ് ഗ്രൂപ്പിൽ റെനി ജോസഫ് സന്ദേശമിട്ടത്. സാന്ദ്രയുടെ അച്ഛനെതിരേയും അസഭ്യ പ്രയോഗമുണ്ട്. സംഭവത്തില്‍ പലാരിവട്ടം പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറിയുടെ സ്വാധീനമാകാം അതിന് കാരണമെന്നും സാന്ദ്ര പറയുന്നു. ഡിജിപ്പിക്കും വിജിലൻസിനും പരാതി നൽകുമെന്നും കോടതിയിലാണ് പ്രതീക്ഷയെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.