ഉന്നത വിദ്യാഭ്യാസവും മികച്ച ജോലിയുമുള്ളവർ… എന്നാൽ യുവതിയുൾപ്പെട്ട നാലംഗ സംഘത്തിൽ നിന്നും പിടികൂടിയത്….
കൊച്ചി: എറണാകുളം എളംകുളത്ത് എംഡിഎംഎയും എക്സറ്റസി പില്‍സുമടക്കമുളള ലഹരിയുമായി ഇന്ന് പിടിയിലായത് ഉന്നത വിദ്യാഭ്യാസവും മികച്ച ജോലിയുമുള്ള ചെറുപ്പക്കാര്‍. ഒരു യുവതിയടക്കം നാലു പേരടങ്ങുന്ന സംഘത്തില്‍ നിന്ന് വിദേശ നിര്‍മിത ലഹരിയും ലഹരി വില്‍പനയിലൂടെ സമാഹരിച്ച 1.46 ലക്ഷം രൂപയുമാണ് പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിനോട് പ്രതികള്‍ സഹകരിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഷാമില്‍, കോഴിക്കോട് സ്വദേശി അബു ഷാമില്‍, മലപ്പുറം സ്വദേശി ഫല്‍സാജ് മുഹമ്മദ് അഫാന്‍, കോഴിക്കോട് സ്വദേശി ദിവ്യ എന്നിവരെ നര്‍കോടിക് സെല്‍ എസിപിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് അറസ്റ്റ് ചെയ്തത്. എളംകുളം മെട്രോ സ്റ്റേഷന് സമീപത്തുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്നാണ് നാല് പേരും പിടിയിലായത്. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പിൽസും രണ്ട് ഗ്രാം കഞ്ചാവും പിടികൂടി.



