വിഎസിനെ പുറകിൽ നിന്ന് കുത്തിയവർ വിലാപ യാത്രയിൽ നെഞ്ചുവിരിച്ച് നിന്നു…പിരപ്പൻകോട് മുരളി
തിരുവനന്തപുരം: വിഎസിനെ സിപിഎം നേതാക്കൾ തിരിച്ചറിയുന്നത് വിയോഗത്തിന് ശേഷമെന്ന് തുറന്നടിച്ച് പിരപ്പൻകോട് മുരളി. `വിഎസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം’ എന്ന പുസ്തകത്തിനെഴുതിയ ആമുഖ കുറിപ്പിലാണ് പരാമർശം. വിഎസിനെ പുറകിൽ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വിലാപ യാത്രയിൽ നെഞ്ചുവിരിച്ച് നിന്നെന്നും പിരപ്പിൻകോട് മുരളി പരിഹസിച്ചു.
വിഎസിന്‍റെ ആത്മകഥാംശമുള്ള പിരപ്പിൻകോട് മുരളിയുടെ കുറിപ്പുകളെല്ലാം എക്കാലത്തും സിപിഎം വിഭാഗീയതയിലേക്കുള്ള ചൂണ്ടുവിരൽ കൂടിയായിരുന്നു. വിയോഗത്തിന് ശേഷം വായനക്കാരിലേക്ക് എത്തുന്ന `വിഎസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം’ എന്ന പുസ്തകവും അങ്ങനെ തന്നെ. വിഎസിനെ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്ത്ചാടിക്കാൻ നോക്കിയവരെല്ലാം വിഎസ് ആരെന്ന് തിരിച്ചറിഞ്ഞത് മരണ ശേഷമാണെന്നാണ് പിരപ്പിൻകോട് മുരളി തുറന്നടിക്കുന്നത്.
പാർട്ടിയിലെ കണ്ണുതുറക്കാത്ത ദൈവങ്ങളുടെ കണ്ണ് ജനലക്ഷങ്ങൾ തുറപ്പിച്ചു. പുറകിൽ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വിലാപ യാത്രയിൽ നെഞ്ചുവിരിച്ച് നിന്നു. വിയോഗ ശേഷം വില തിരിച്ചറിഞ്ഞെങ്കിലും വിഎസിനെ കുറിച്ച് മറ്റാരും എഴുതരുതെന്നാണ് പാർട്ടി കർദ്ദിനാൾമാർ ഇപ്പോൾ കൽപ്പിക്കുന്നെന്നും പിരപ്പിൻകോട് മുരളി പരിഹസിക്കുന്നു.